ലോക്ഡൗണ്‍ കാലത്ത് നമ്മുടെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങളുടെ ഓട്ടം നിലച്ചതോടെ പുകയും പൊടിപടലങ്ങളും കാരണം ഇരുണ്ടിരുന്ന ആകാശം കൂടുതല്‍ തെളിവുള്ളതായി. ശുദ്ധവായു കൂടി. ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്നവര്‍ ആരോഗ്യവാന്മാരായി.

എന്നാല്‍ ഇന്ന് വാഹനങ്ങള്‍ നിരത്തുകളില്‍ പുക പടര്‍ത്തി ഓടുകയാണ്. പുക പരിശോധനയെല്ലാം കഴിഞ്ഞാണ് ബസ്സുകളും വലിയ വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. പക്ഷേ പുറന്തള്ളുന്ന പുകയുടെ അളവ് കൂടുതലാണെന്ന് സാധാരണക്കാര്‍ക്ക് പോലും ഒറ്റനോട്ടത്തില്‍ മനസ്സിലാകും.

പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ദോഷകരമായ കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനങ്ങള്‍ പുറന്തള്ളുന്നത്. ഇന്ധനത്തിന്റെ പൂര്‍ണമായ ജ്വലനം നടക്കാത്തതും എന്‍ജിന്റെ പ്രവര്‍ത്തനം കൃത്യമല്ലാത്തതും പുകക്കുഴലുകളില്‍ നിന്ന് കട്ടിയുള്ള പുക പുറത്തു വരുന്നതിന് കാരണമാകും. ഇന്ധനത്തിലെ മായവും അതിന് കാരണമാണ്.

കൃത്യമായ അറ്റകുറ്റപ്പണി നടത്തി വീണ്ടും പരിശോധിക്കുകയല്ലാതെ മറ്റു വഴികളില്ല. എങ്കിലും ചില സ്ഥാപനങ്ങളില്‍ പരിശോധനകളില്ലാതെയും അനധികൃതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ പുകപരിശോധന ഓണ്‍ലൈനാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്

പേര് സൂചിപ്പിക്കുന്ന പോലെ, കാര്‍ബണും ഓക്സിജനും ചേര്‍ന്നതും മണവും നിറവും ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ വാതകമായതിനാല്‍ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. ഈ വിഷവാതകം ശ്വസിച്ചുള്ള മരണങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ പരാതി പരിശോധിക്കും

റോഡില്‍ അമിതമായി പുക തള്ളി പോകുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കാം. പരിശോധിച്ച് കൃത്യമായ നടപടിയെടുത്തിരിക്കും. പൊതുവെ ഇത്തരം പരാതികളൊന്നും ലഭിക്കാറില്ല. വാഹനങ്ങള്‍ കൃത്യമായി സര്‍വീസുകള്‍ നടത്തി മലിനീകരണം കുറച്ചു വേണം നിരത്തിലിറങ്ങാന്‍.

എ.കെ. രാധാകൃഷ്ണന്‍, ആര്‍.ടി.ഒ., കാസര്‍കോട്

നിയമനടപടി സര്‍ട്ടിഫിക്കറ്റ് നോക്കി മാത്രം

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നോക്കി മാത്രമേ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുകയുള്ളു. കൂടുതല്‍ പുക വരുന്നുണ്ടെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പോലും സര്‍ട്ടിഫിക്കറ്റില്‍ അനുമതിയുണ്ടെങ്കില്‍ നിയമനടപടി സാധ്യമല്ല. എങ്കിലും വാഹന ഉടമകളോട് കൃത്യമായ അറ്റകുറ്റപ്പണി നടത്തുവാനുള്ള നിര്‍ദ്ദേശം നല്‍കാറുണ്ട്. സര്‍ട്ടിഫിക്കറ്റ് കൃത്യമല്ലെങ്കില്‍ മുന്‍പ് 10,000 രൂപയായിരുന്നു പിഴ. പിന്നീട് അത് 2000 രൂപയാക്കി കുറച്ചു.

ടി. രഘൂത്തമന്‍ ട്രാഫിക് എസ്.ഐ., കാസര്‍കോട്

Content Highlights: Online Pollution Testing For Vehicles, Non Polluted Vehicle Certificate