ലോക്ഡൗണിലെ യാത്രകളിലും മറ്റും വാഹനം ബ്രേക്ക് ഡൗണായാല്‍ സഹായിക്കാന്‍ വര്‍ക്ക്‌ഷോപ്പ് വാഹനത്തിനരികില്‍ എത്തും. ലോക്ഡൗണിലെ യാത്രകളില്‍ വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ സര്‍വീസ് ചെയ്ത് നല്‍കുന്നതിനായി വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ വാഹനമുള്ള സ്ഥലം തേടിയെത്തുന്ന പദ്ധതിക്ക് കണ്ണൂരിലും തുടക്കമായി.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ടീമും അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരളയുടെ കണ്ണൂര്‍ ജില്ലാ മെമ്പര്‍മാരുമാണ് ജനങ്ങള്‍ക്കായി ഈ സേവനം ഉറപ്പാക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന വിഭാഗവും വര്‍ക്ക്‌ഷോപ്പുകളുടെയും സഹായത്തില്‍ സമാന പദ്ധതി ഒരുക്കിയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ ഏത് പ്രദേശത്തും ഏത് വാഹനവും ബ്രേക്ക് ഡൗണ്‍ ആയാലും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരും ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും വകുപ്പ് നല്‍കിയിട്ടുണ്ട്. 9188963113, 9447685934 എന്നീ നമ്പറുകളില്‍ വിളിച്ച് ആവശ്യക്കാര്‍ സഹായം ഉറപ്പാക്കാമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. 

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ, ഓണ്‍ലൈനായും സഹായം അഭ്യര്‍ഥിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി www.mvdhelps.in എന്ന കണ്ണൂര്‍ ടീം എം.വി.ഡിയുടെ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലഭ്യമാകുന്ന സേവനം ഇതിലൂടെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് എം.വി.ഡി. ആറിയിച്ചിട്ടുള്ളത്.

Content Highlights: MVD Kannur Team and Workshop Association Starts Mobile Break Down Service