നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ്  ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനെ പിന്തുണച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വിവരിച്ചാണ് വകുപ്പ് ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. 
 
മലയാള സിനിമ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിന്റെ വാഹനത്തിന് ഉണ്ടായ ഒരു അപകടം മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പോസ്റ്റിനെ ഉദ്ധരിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വാഹനത്തില്‍ ഇടിച്ചയാളെ തേടിയുള്ള ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് റിപ്പോര്‍ട്ടിന് ആധാരം.
 
വാഹനത്തിന്റെ ഉള്‍വശവും മുന്‍വശവും ഒരുപോലെ റെക്കോഡ് ചെയ്യുന്ന ക്യമാറകളാണ് ഡാഷ് ക്യാം. മോഷണം ശ്രമം ഉള്‍പ്പെടെയുള്ളവ നടന്നാല്‍ ഇതിന്റെ ചെറു വീഡിയോകള്‍ ഈ ക്യാമറ വാഹന ഉടമയുടെ മൊബൈലിലേക്ക് അയച്ച് തരുന്ന ക്യമാറയും ഇന്ന് ലഭ്യമാണ്. ഇത്തരം വീഡിയോകള്‍ കോടതി പോലും തെളിവായി സ്വീകരിക്കുന്നുണ്ട്
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഫേസ് ബുക്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് വന്നിരുന്നു. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ ജൂഡ് ആന്റണി യുടെതായിരുന്നു ആ പോസ്റ്റ്. അദ്ദേഹം തന്റെ വാഹനത്തിന് കേടു പാട് വരുത്തിയ ആളെ തിരയുകയായിരുന്നു തന്റെ ആ FB പോസ്റ്റ് വഴി. അദ്ദേഹത്തിന് ആളെ കിട്ടിയോ എന്നറിയില്ല. 
 
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നാം ദിനേന നമ്മുടെ വാഹന ഉപയോഗ സമയത്ത് അഭിമുഖീരിക്കാറുണ്ട്. അദ്ദേഹം തന്റെ വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ GD എന്ററിക്ക് വേണ്ടിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ വാഹന അപകട കേസുകളില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷാ നടപടികള്‍ ഏറ്റു വാങ്ങേണ്ടി വന്നവരും നമുക്കിടയില്‍ ഒരുപാട് കാണും. 
 
ഇതിനെല്ലാം  പരിഹാരമായി ലോക വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒരു സംവിധാനമാണ് ഡാഷ് ക്യാമറകള്‍. നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പല തരം ഡാഷ് ക്യാമുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. വാഹനത്തിന്റെ മുന്‍വശവും ഉള്‍വശവും മറ്റു വശങ്ങളും ഒരു പോലെ റെക്കോര്‍ഡ് ചെയ്തു മോഷണ ശ്രമം പോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേകം ചെറു വീഡിയോകള്‍ ആയി നമ്മുടെ മൊബൈലില്‍ അയച്ചു തരുന്ന ക്യാമറകള്‍ വരെ ഇന്ന് ലഭ്യമാണ്. 
 
അതുകൊണ്ട് നമ്മുടെ ആവശ്യത്തിന് ഉതകുന്ന നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ വാഹനം വാങ്ങിക്കുമ്പോള്‍ തന്നെ വാങ്ങി ഉപയോഗിക്കുക. ലോകവ്യാപകമായി കോടതികള്‍ തന്നെ ഇത്തരം ക്യാമറകളിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ തെളിവായി സ്വീകരിക്കുന്നുണ്ട്. ക്യാമറ ഉണ്ടെന്ന ബോധ്യം നമ്മുടെ സ്വന്തം ഡ്രൈവിംഗ് ലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.
 
Content Highlights: Motor vehicle Department Suggest Dash Camera usage In Vehicles