ടിന്റെ തലയുള്ള താറാവ്, കോഴിത്തലവെച്ച കുറുക്കന്‍, മുയലിന്റെ ഉടലുള്ള പക്ഷി...ജീവികള്‍ക്ക് വിചിത്രമായ രൂപമാറ്റം സംഭവിച്ചാല്‍ എങ്ങനെയുണ്ടാകും. സമാനമാണ് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാലും. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരായ ബോധവത്കരണ വീഡിയോയിലാണ് ഈ വിചിത്രരൂപികള്‍. മോട്ടോര്‍വാഹന വകുപ്പാണ് ഈ വീഡിയോക്കു പിന്നില്‍.

എന്തുകൊണ്ടാണ് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തരുതെന്നു നിഷ്‌കര്‍ഷിക്കുന്നതെന്നു വിശദമാക്കുന്നതാണ് വീഡിയോ. വര്‍ഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ് വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നത്. രൂപമാറ്റം അപകടങ്ങള്‍ക്കു കാരണമാകുമെന്നും വീഡിയോ വ്യക്തമാക്കുന്നു.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് (എ.ഐ.എസ്.) പ്രകാരമാണ് വാഹനം രൂപകല്പനചെയ്യുന്നത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിലവില്‍വന്ന സാങ്കേതിക സ്ഥിരംസമിതിയും എ.ഐ.എസ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയും ചേര്‍ന്നാണ് വാഹനങ്ങളുടെ മോഡലുകള്‍ അംഗീകരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഓട്ടോമോട്ടീസ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വാഹനങ്ങളുടെ മോഡലുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

കേന്ദ്ര മോട്ടോര്‍വാഹന ചട്ടപ്രകാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ് വാഹനം നിര്‍മിക്കുന്നത്. നിര്‍മിച്ചശേഷം വെഹിക്കിള്‍ ടെസ്റ്റിങ് ഏജന്‍സി മാസങ്ങളോളം പരിശോധന നടത്തും. ഏജന്‍സിയില്‍നിന്ന് അനുമതിലഭിച്ചാലേ വാഹനം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകൂ. ഇത്രയധികം കടമ്പകളിലൂടെ കടന്ന് തയ്യാറാക്കുന്ന രൂപങ്ങള്‍, മാറ്റി വികൃതമാക്കരുതെന്ന് വീഡിയോ നിര്‍ദേശിക്കുന്നു.

അനുമതിയോടെയാകാം

നിയമം അനുവദിക്കുന്നരീതിയില്‍ വാഹനത്തിന്റെ നിറമോ രൂപമോ മാറ്റാവുന്നതാണ്. ആദ്യമതിനു വാഹനവകുപ്പിന്റെ അനുമതിതേടണം. ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം. പിന്നീട് അനുമതിപ്രകാരമുള്ള മാറ്റം വരുത്തി അധികൃതരെ ബോധ്യപ്പെടുത്തണം. വാഹനത്തിന്റെ ആര്‍.സി.യില്‍ മാറ്റം രേഖപ്പെടുത്തുന്നതോടെ നിയമാനുസൃതമാകും.

Content Highlights: Motor Vehicle Department Awareness Video About Vehicle Modification