കാറുകളുടെ സുരക്ഷ അളക്കാനുള്ള ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് മാരുതി സുസുക്കി വിറ്റാര ബ്രെസ. ഡല്‍ഹിയില്‍ നടന്ന ആദ്യ ഗ്ലോബല്‍ NCAP വേള്‍ഡ് കോണ്‍ഗ്രസിലാണ് ബ്രെസയുടെ ക്രാഷ് ടെസ്റ്റ് ഫലം ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് വ്യക്തമാക്കിയത്. നേരത്തെ ജര്‍മനിയിലെ ADAC ക്രാഷ് ടെസ്റ്റ് സെന്ററിലായിരുന്നു ബ്രെസയുടെ സുരക്ഷാ പരിശോധന നടത്തിയത്. 

ഡമ്മി യാത്രക്കാരെയും വഹിച്ച് 64 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റാണ് മെയ്ഡ് ഇന്‍ ഇന്ത്യ ബ്രെസയില്‍ നടത്തിയത്. ഇതില്‍ മുന്‍ നിരയിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിങ്ങും പിന്നിലുള്ള കുട്ടികളുടെ സുരക്ഷയില്‍ 2 സ്റ്റാര്‍ റേറ്റിങ്ങുമാണ് ബ്രെസ സ്വന്തമാക്കിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ആകെ 17 പോയന്റില്‍ 12.51 പോയന്റും കുട്ടികള്‍ക്ക് 49 പോയന്റില്‍ 17.93 പോയന്റുമാണ് ലഭിച്ചത്.

ഡ്യുവല്‍ എയര്‍ബാഗ്, ഐസോ ഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സുരക്ഷ സന്നാഹങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെസ മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. നിലവില്‍ ഹൈ സ്പീഡ് വാര്‍ണിങ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ സ്റ്റാന്റേര്‍ഡായി ബ്രെസയിലുണ്ട്. വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയ ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡം ഇന്ത്യയിലും അധികം വൈകാതെ നിലവില്‍ വരും. 

Brezza Crash Test

Content Highlights; Maruti Vitara Brezza Gets 4 Stars Rating In Global NCAP Crash Test