വാഹനങ്ങളില്‍ സുരക്ഷ എത്രത്തോളം പ്രാധാന്യമാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം കോട്ടയത്തുണ്ടായ ഈ അപകടം. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത കാറുകളും സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന പ്രീമിയം കാറുകളും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്നും കഴിഞ്ഞ ദിവസം കോട്ടയത്ത് എംസി റോഡില്‍ തൊള്ളകം പെട്രോള്‍ പമ്പിന് സമീപം കെഎസആര്‍ടി ബസ് ബെന്‍സ് കാറിലിടിച്ചുണ്ടായ ഈ അപകടം കണ്ടാല്‍ മനസിലാക്കാം.

കോട്ടയത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് റോഡില്‍നിന്ന് നേരെ പെട്രോള്‍ പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ബെന്‍സിന്റെ ഇടതുവശത്ത് ഇടിക്കുകയായിരുന്നു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ ബെന്‍സിലെ ഇരുവശത്തുമുള്ള കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വലിയ അപകടത്തില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. അധികം കേടുപാടുകളും വാഹനത്തിനില്ല. ആനവണ്ടി ഇടിച്ചിട്ടും അധികം കേടുപാടുകള്‍ സംഭവിക്കാത്ത ബെന്‍സിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 

പെട്രോള്‍ പമ്പിലെ സിസി ടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്‌. അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി മെഴ്‌സിഡിസ് നിരത്തിലെത്തിച്ച ബെന്‍സ് 220-.യാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകും. ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍ സഹിതം ഏഴ് എയര്‍ ബാഗുകള്‍ക്കൊപ്പം അത്യാധുനിക സുരക്ഷ സൗകര്യങ്ങളുള്ള മോഡലാണ് 220. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്രാഷ് ടെസ്റ്റും എയര്‍ബാഗുകളും ഇന്ത്യന്‍ കാറുകള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനിയിലാണ്, ഇത് നടപ്പാക്കിയാല്‍ അപകടങ്ങള്‍ മൂലം ഉണ്ടാകുന്ന മരണങ്ങള്‍ വലിയൊരളവില്‍ കുറയ്ക്കാനാവും.