മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് സംസ്ഥാനത്ത് കടുത്ത ശിക്ഷ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് 25,000 രൂപ വരെ പിഴയും ജയില്‍ വാസവും വരെ നീളുന്നു ശിക്ഷകള്‍. പുതുക്കിയ പിഴ നിരക്ക് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാലുള്ള കുറ്റത്തിനാണ് ഏറ്റവും കടുത്ത ശിക്ഷ. ഈ സാഹചര്യത്തില്‍ കുട്ടികള്‍ ഒരുകാരണവശാലും വാഹനമോടിക്കാതിരിക്കാന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. കുട്ടികളുടെ ഡ്രൈവിങ് ഒരു തരത്തിലും അഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പോലീസ് പറയുന്നു. 

കുട്ടികള്‍ക്ക് വാഹനം നല്‍കി വിടുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ഇന്ന് മുതല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക്/രക്ഷാകര്‍ത്താക്കള്‍ക്ക്‌ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും അനുഭവിക്കേണ്ടിവരും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഇതിനൊപ്പം വാഹനമോടിച്ച കുട്ടിക്ക് 18 വയസിന് പകരം 25 വയസ്സിന് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും സാധിക്കു. തന്റെ അറിവോടെയോ/സമ്മതത്തോടെയോ അല്ല കുട്ടി കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയേക്കേണ്ട ബാധ്യതയും രക്ഷിതാവിനാണ്. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് വാഹനം നല്‍കി വിടുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.

വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇതുള്‍പ്പെടെ മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ സെപ്തംബര് ഒന്നുമുതല്‍ നിലവില്‍ വരും

Content Highlights; new punishment for child driving, kerala police facebook post, motor vehicle amendment bill, new traffic rule violations fines