കുട്ടി ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലില്‍ നിരത്തില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. പക്വതയെത്തും മുമ്പെയുള്ള ഈ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രായപൂര്‍ത്തിയായാല്‍ മാത്രം പോര, തങ്ങളുടെ കുട്ടികള്‍ യുക്തിപൂര്‍വ്വം വാഹനം പക്വതയോടെ, വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാണോ എന്ന് ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് കേരള പോലീസ്. ആദ്യമേ പവര്‍ കൂടിയ വാഹനങ്ങള്‍ വാങ്ങി നല്കരുത്.  വാഹനം ഓടിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് ആവേശം തോന്നും. അമിത വേഗത ഒഴിവാക്കാനും സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും കൃത്യമായ ബോധവത്കരണം കുട്ടികള്‍ക്ക് നല്‍കണമെന്നും കേരള പോലീസ് ഓര്‍മ്മിപ്പിക്കുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

18 വയസ്സ് കടന്നു കൂടാന്‍ കാത്തിരിക്കുകയാണ്, കുട്ടികള്‍ ലൈസന്‍സ് എടുക്കാനും വാഹനം വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കാനും..! പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഒരിക്കലും അവര്‍ക്ക് വാഹനം നല്‍കാതിരിക്കുക. അപകടങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുക. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തങ്ങളുടെ കൊച്ചു മക്കള്‍ വാഹനമോടിക്കുന്നതില്‍ സന്തോഷിക്കുന്ന അപൂര്‍വ്വം ചില രക്ഷിതാക്കളെ നമുക്കറിയാം.

പ്രായപൂര്‍ത്തിയായാല്‍ മാത്രം പോര. തങ്ങളുടെ കുട്ടികള്‍ യുക്തിപൂര്‍വ്വം വാഹനം പക്വതയോടെ, വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാണോ എന്ന് ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്. തിരക്ക് കുറഞ്ഞ റോഡുകളിലും മറ്റും കൃത്യവും ദീര്‍ഘവുമായ പരിശീലനം നല്‍കുക. മികച്ച ഡ്രൈവിംഗ് ശീലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക. നിരത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് അവരെ മനസ്സിലാക്കുക. തിരക്കില്ലാത്തതും ചെറുതുമായ റോഡുകളില്‍ വാഹനം ഓടിച്ച് മികച്ച പരിചയം സിദ്ധിച്ച ശേഷം ഹൈവേകളിലും തിരക്കുള്ള സ്ഥലങ്ങളിലും വാഹനവുമായി പോകാന്‍ അനുവദിക്കുക.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന പരീക്ഷയില്‍ പങ്കെടുപ്പിച്ച് കൃത്യമായ നടപടികളിലൂടെ ലൈസന്‍സ് എടുപ്പിക്കുക. വാഹനം ഓടിക്കാനുള്ള പരിശീലനം അവര്‍ കൃത്യമായി നേടിയെന്നു നേരിട്ട് ഉറപ്പ് വരുത്തിയ ശേഷം വാഹനം വാങ്ങി നല്‍കുക. ആദ്യമേ തന്നെ പവര്‍ കൂടിയ വാഹനങ്ങള്‍ വാങ്ങി നല്കതിരിക്കുക. വാഹനം ഓടിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് ആവേശം തോന്നും. അമിത വേഗത ഒഴിവാക്കാനും സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുക. 
അപകടം ഒഴിവാക്കാനായി സുരക്ഷാ സംവിധാനമുള്ള ഗുണനിലവാരമുള്ള വാഹനങ്ങള്‍ വാങ്ങി നല്കാന്‍ ശ്രദ്ധിക്കു. 

Content Highlights; Safe drive, road safety, child driving