താനും ദിവസങ്ങള്‍ക്ക് മുമ്പ് ചങ്ങനാശേരിയില്‍ ഉണ്ടായ ബൈക്ക് അപകടവും മരണവും കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. കരുത്തന്‍ ബൈക്കുകളുമായി നിരത്തുകളില്‍ നടത്തുന്ന അഭ്യാസങ്ങളും മരണപ്പാച്ചിലും ഇത്തരത്തിലുള്ള അപകടങ്ങളിലാണ് കലാശിക്കാറുള്ളത്. ഇരുചക്ര വാഹനവുമായുള്ള നിരത്തുകളിലെ മത്സരയോട്ടവും അഭ്യാസവും പിടിച്ച് കെട്ടാനുള്ള തീവ്ര ശ്രമത്തിലാണ് കേരളാ പോലീസ്.

ഇത്തരം അപകടങ്ങള്‍ കുറയ്ക്കുന്നതിനും ആവശ്യമായ ബോധവത്കരണം നല്‍കുന്നതിനും നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയൊടുക്കുന്നതിനുമായി കേരളാ പോലീസ് ഒപ്പറേഷന്‍ റാഷ് എന്ന ക്യാംപയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുള്ള ബോധവത്കരണവും കാര്യക്ഷമായി നടത്താനുള്ള നീക്കങ്ങളിലാണ് കേരളത്തിന്റെ പോലീസ് സേന.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയും ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കൈകൊടുത്ത് പോകാന്‍ മനസ് പറയുമ്പോള്‍ കൈവിട്ട് പോകുന്നത് ജീവിതമാണെന്ന് ഓര്‍മ വേണം എന്ന തലക്കെട്ടോടെയാണ് ബോധവത്കരണത്തിനുള്ള വീഡിയോ പോലീസ് സേന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

നിരത്തുകളില്‍ ബൈക്കുകളുമായി മത്സരയോട്ടം നടത്തുന്നതിന്റെയും ഇതേതുടര്‍ന്നുണ്ടായിട്ടുള്ള അപകട പരമ്പരകളുടെയും വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് ഈ സന്ദേശം ഒരുക്കിയിട്ടുള്ളത്. ആയിരത്തിനടുത്ത് ആളുകളാണ് പോലീസിന്റെ ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ബൈക്ക് അഭ്യാസങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരേ നടപടി ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Kerala Police Awarness Programme For Safe Two Wheeler Ride