രു നിരയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ദിവസേന എന്നോണം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാഹനങ്ങളില്‍ അകലം പാലിക്കണമെന്ന സന്ദേശം പോലീസ് പങ്കുവയ്ക്കുന്നത്. 

ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നിടുന്ന ദൂരം, അഥവാ വാഹനമോടിക്കുന്നയാള്‍ ബ്രേക്കില്‍ കാല്‍ അമര്‍ത്തുന്ന സമയത്ത് വാഹനം സഞ്ചരിക്കുന്ന ദൂരം, ബ്രേക്ക് ചെയ്തതിന് ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരം ഇവ രണ്ടും ചേരുമ്പോഴാണ് വാഹനം പൂര്‍ണമായും നിര്‍ത്താന്‍ എത്ര സമയം വേണ്ടിവരുക എന്ന് കണക്കാക്കുന്നത്. 

ഒരേ നിരയില്‍ വാഹനം ഓടിക്കുന്നവര്‍ മുന്നില്‍ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനൊപ്പം വാഹനത്തിന്റെ വേഗം കൂട്ടുന്നതിന് അനുസരിച്ച് മുന്നിലുള്ള വാഹനവുമായുള്ള അകലം കൂട്ടാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുന്നിലുള്ള വാഹനം ബ്രേക്ക് ചെയ്യുന്നതിന് അനുസരിച്ച് നമുക്ക് വാഹനം നിര്‍ത്താന്‍ കഴിയാതെ വരും.

ഉദാഹരണമായി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന ഒരു വാഹനം തൊട്ടുമുന്നില്‍ പോകുന്ന വാഹനവുമായി ഏറ്റവും കുറഞ്ഞത് 30 മീറ്റര്‍ എങ്കിലും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അതേസമയം, രാത്രിയിലും മോശം കാലാവസ്ഥയിലും വാഹനത്തിന്റെ വേഗത കുറച്ച് കൃത്യമായി അകലം പാലിക്കുന്നതിലൂടെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചേക്കും.

Content Highlights: Kerala Police awareness about road accidents, Road safety awareness programme, Kerala police