വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ഇടിപ്പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി ജീപ്പ് കോംപാസ്. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള കോംപാസ് എസ്.യു.വി വിജയകരമായി പൂര്‍ത്തിയാക്കിയത്. അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കാന്‍ കോംപാസിന് സാധിച്ചു. എട്ട് എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളുള്ള യൂറോപ്യന്‍ സ്‌പെക്ക് കോംപാസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 

ഡമ്മി യാത്രക്കാരെ ഉപയോഗിച്ചുള്ള ഇടിപ്പരീക്ഷയില്‍ മുതിര്‍ന്ന യാത്രികര്‍ക്ക് 90 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷയും വഴിയാത്രക്കാര്‍ക്ക് 64 ശതമാനം സുരക്ഷയും നല്‍കുമെന്നാണ് കണ്ടെത്തല്‍. ഇതെ സുരക്ഷാ മാനദണ്ഡങ്ങളില്‍ നിര്‍മിച്ച മോഡലാണ് ലോകത്തെ വിവിധ ഇടങ്ങളിലേക്ക് വില്‍പനയ്‌ക്കെത്തിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് കോംപാസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ പതിനായിരത്തിലേറെ ബുക്കിങ് പിന്നിട്ട് മികച്ച വിജയം കൈവരിക്കാന്‍ കോംപാസിന് സാധിച്ചിട്ടുണ്ട്.

Read More; തൊട്ടാല്‍പൊള്ളുന്ന വിലയില്‍ ജീപ്പ് ഇന്ത്യയില്‍

യൂറോപ്യന്‍ സ്പെക്ക് 2.0 ലിറ്റര്‍ 4X4 ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് ക്രാഷ് ടെസ്റ്റ് അതിജീവിച്ചത്. 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് ഇന്ത്യന്‍ കോംപാസിനെ മുന്നോട്ട് നയിക്കുന്നത്. 15 ലക്ഷം രൂപ പ്രാരംഭവിലയില്‍ ഇന്ത്യയിലുള്ള കോംപാസില്‍ ആറ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓട്ടോണമസ് ബ്രേക്കിങ് സിസ്റ്റം ലഭ്യമല്ല. വില പരമാവധി കുറച്ച് ഇന്ത്യന്‍ നിര്‍മിതമായി പുറത്തിറക്കിയ കോംപാസ് നിലവിലെ കുതിപ്പ് വിപണിയില്‍ തുടര്‍ന്നാല്‍ സെഗ്മെന്റ് ലീഡര്‍ സ്ഥാനം പിടിച്ചെടുക്കും. 

Jeep Compass