പ്രൈവറ്റ് കാറുകളിലും മറ്റും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കയറ്റുന്നത് നിയമവിരുദ്ധമാണോ എന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. എന്നാല്‍, പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ വഴിയില്‍ വെച്ച് ലിഫ്റ്റ് കൊടുക്കുന്നതും അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നതും കുറ്റമല്ല.

അതേസമയം, ലാഭേച്ഛയോടെ സ്വകാര്യ വാഹനം മാസത്തേക്കോ ദിവസത്തേക്കോ കിലോ മീറ്റര്‍ നിരക്കില്‍ വാടകയ്‌ക്കോ നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. സ്വകാര്യ വാഹനമെന്നത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്നും എം.വി.ഡി. അഭിപ്രായപ്പെടുന്നു.

സ്വയം ഓടിക്കാന്‍ പ്രൈവറ്റ് വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ സാധാരണയായി പൊങ്ങച്ചം കാണിക്കാന്‍, ഡ്രൈവറെ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ക്ക്, നിയമവിരുദ്ധ കാര്യങ്ങള്‍ക്കുമാണ് വാഹനം ഉപയോഗിക്കുന്നത്. ഇതിനുപുറമെ, ടാക്‌സി വാഹനത്തെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇത് ലഭിക്കുമെന്നും എം.വി.ഡിയുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നു. 

ഇത്തരം വാഹനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പ്രത്യേക ടാക്‌സും പെര്‍മിറ്റും ആവശ്യമില്ല. ഇന്‍ഷുറന്‍സ് ചെലവ് കുറവ്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് കവറേജ് ലഭിക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുള്ള ടെസ്റ്റ്, പെര്‍മിറ്റ്, ജി.പി.എസ്, പാനിക് ബട്ടണ്‍ തുടങ്ങിയവയും ഇത്തരം വാഹനങ്ങള്‍ക്കുണ്ടാവില്ല. 

ചെറിയ ലാഭത്തിനായി ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ പിടിക്കപ്പെട്ടാന്‍ വാഹനത്തിന്റെ ഉടമയും യാത്രക്കാരനും പറയുന്നത് സുഹൃത്താണ്, ബന്ധുവാണ്, പെട്രോള്‍ മാത്രം അടിച്ച് നല്‍കിയാല്‍ മതി എന്നുള്ള ന്യായങ്ങളാണ്. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. 

പ്രൈവറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും തലവേദനയാണ്. വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ മറിച്ച് വില്‍ക്കുന്ന കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാഹനം വാടകയ്ക്ക് നല്‍കുന്നത് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ പോലും കഴിയുന്ന കുറ്റമാണ്.