കാറുകള്‍ മുതല്‍ ബസുകള്‍ വരെയുള്ള വാഹനങ്ങളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വയ്ക്കുന്നതും വീഡിയോ കാണുന്നതുമെല്ലാം പതിവ് കാഴ്ചകളാണ്. എന്നാല്‍, ഇത് നിയമപരമാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. അല്ല എന്നാണ് ഉത്തരം. ഡ്രൈവറുടെ ശ്രദ്ധ തിരിയുന്ന തരത്തില്‍ പാട്ടുവയ്ക്കുന്നതും വീഡിയോ കാണുന്നതും നിയമലംഘമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. 

വാഹനമോടിക്കുന്ന സമയത്ത് റൂട്ട് നാവിഗേഷന്‍ ആവശ്യമുള്ള സമയങ്ങളില്‍ ഇത് ലഭിക്കുന്ന ഡിവൈസില്‍ ശ്രദ്ധിക്കാം. അല്ലാത്ത സമയങ്ങളില്‍ വീഡിയോ കാണുന്നത് നിയമലംഘനമാണെന്നാണ് പുതിയ ഡ്രൈവിങ്ങ് റഗുലേഷന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നാവിഗേഷന്‍ ഉപയോഗിക്കുമ്പോള്‍ ഡ്രൈവിങ്ങിലെ ശ്രദ്ധ മാറാതെ വേണമെന്നും ഡ്രൈവിങ്ങ് റെഗുലേഷനില്‍ പറയുന്നു. 

അതേസമയം, വാഹനത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറാണ്. ഇപ്പോള്‍ വാഹനത്തിലെ വീഡിയോ സ്‌ക്രീനുകളും മൊബൈല്‍ ഫോണും ഡ്രൈവറിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ ഘടിപ്പിക്കുന്നത് സര്‍വ്വ സാധാരണമായിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

വാഹനം ഓടിക്കുന്ന സമയത്തില്‍ ഫോണിലോ മറ്റ് സ്‌ക്രീനിലേക്കോ ശ്രദ്ധ തിരിയുന്നത് വളരെ അവകടമാണ്. സിനിമ, സ്‌പോര്‍ട്‌സ് പോലുള്ള ദൃശ്യങ്ങള്‍ വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ നിന്ന് വളരെ പെട്ടെന്ന് തിരിച്ചേക്കാം. അതുകൊണ്ടാണ് ഡ്രൈവിങ്ങിനിടയില്‍ വീഡിയോ കാണുന്നത് നിയമ ലംഘനമായി കണക്കാക്കുന്നത്. 

എല്ലാ ഇന്ദ്രിയങ്ങളും ഒരു പോലെ പ്രവര്‍ത്തിക്കുകയും അതീവ ജാഗ്രതയോടും ശ്രദ്ധയോടും ചെയ്യേണ്ട പ്രവര്‍ത്തിയാണ് ഡ്രൈവിങ്ങ്. അതുകൊണ്ട് തന്നെ ഡ്രൈവിങ്ങിലെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവറിന്റെ ലൈസന്‍സ് അയോഗ്യമാക്കാവുന്ന കുററമാണിതെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Is it illegal to play music and watch videos while driving? Road Safety