വാഹനങ്ങളില്‍ എത്രത്തോളം സുരക്ഷ ഉറപ്പാണെന്ന് കണക്കാക്കാനുള്ള മാനദണ്ഡമായ ക്രാഷ് ടെസ്റ്റില്‍ അഞ്ചിന്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കി ഹോണ്ട സിആര്‍-വി. ASEAN NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്-ഈസ്റ്റ് ഏഷ്യ) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സിആര്‍-വി സുരക്ഷിത വാഹനമാണെന്ന് തെളിയിച്ചത്. ആസിയാന്‍ ക്രാഷ് ടെസ്റ്റില്‍ പുതിയ 2017-2020 നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലാണ് സിആര്‍-വി. ക്രാഷ് ടെസ്റ്റില്‍ ആകെ 100 മാര്‍ക്കില്‍ വിവിധ വിഭാഗങ്ങളിലായി 88.8 മാര്‍ക്കാണ് ഹോണ്ടയുടെ ഈ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ സ്വന്തമാക്കിയത്.

ഫ്രെണ്ടല്‍ ഓഫ്‌സെറ്റ് ഇംപാക്ട് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, സേഫ്റ്റി ഫീച്ചേര്‍സ് എന്നിവ കണക്കാക്കിയാണ് സ്‌കോര്‍ നിശ്ചയിച്ചത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 47.25 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 22.84 മാര്‍ക്കും സേഫ്റ്റി അസിസ്റ്റ് ടെക്‌നോളികള്‍ക്ക് 18.71 മാര്‍ക്കും സിആര്‍-വിക്ക് ലഭിച്ചു. അഞ്ചാം തലമുറയില്‍പ്പെട്ട സിആര്‍-വി അടുത്ത വര്‍ഷം തുടക്കത്തില്‍ ഇന്ത്യയിലെക്കെത്തും. എന്നാല്‍ ഈ സുരക്ഷാ സന്നാഹങ്ങളില്‍ ഹോണ്ട സിആര്‍-വി ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുമോയെന്ന് സംശയമാണ്. 

നേരത്തെ അമേരിക്കയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിങ് സ്വന്തമാക്കി IIHS 2017 ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡിനും ഹോണ്ട CR-V അര്‍ഹനായിരുന്നു. മൂന്നു നിരകളിലായി സെവന്‍ സീറ്ററിലെത്തുന്ന സിആര്‍-വിക്ക് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. 4000 ആര്‍പിഎമ്മില്‍ 158 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 9 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഫ്രെണ്ട് വീല്‍ ഡ്രൈവിലാണ് വാഹനം ലഭ്യമാകുക. ഓപ്ഷണലായി ഓള്‍ വീല്‍ ഡ്രൈവും ലഭ്യമാകും.