കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടി ആഫ്രിക്കന്‍ സ്‌പെക്ക് ഹ്യുണ്ടായ്‌ ഐ20. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഐ20 ത്രീ സ്റ്റാര്‍ റേറ്റിങ് നേടിയത്. 64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍  മൂന്ന് സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങുമാണ് ഐ 20 നേടിയത്. 

എല്ലാ വീലിലും എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ് എന്നീ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഐ20-യാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. അതേസമയം യൂറോപ്യന്‍ സ്‌പെക്ക് ഐ 20-യില്‍ നിന്ന് വ്യത്യസ്തമാണ് ആഫ്രിക്കന്‍ സ്‌പെക്ക്. സുരക്ഷയ്ക്കായി യൂറോപ്പില്‍ സ്റ്റാന്റേര്‍ഡ് ഫീച്ചേഴ്‌സായ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, സൈഡ് ബോഡി എയര്‍ബാഗ്, സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ് എന്നിവ ആഫ്രിക്കന്‍ ഐ 20-യില്‍ ലഭ്യമല്ല. 

നിലവില്‍ ഇന്ത്യന്‍ നിര്‍മിത ഐ 20 ഹ്യുണ്ടായ് ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്, ഈ മോഡലിലാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് നടത്തിയത്. നിരത്തുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികം വൈകാതെ ക്രാഷ് ടെസ്റ്റ് മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ദൃഢതയും സുരക്ഷാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിദേശ കാറുകള്‍ ഇന്ത്യയിലും പുറത്തിറങ്ങുക. 

Content Highlights; Hyundai i20 scores 3 star safety rating