കൊറോണ ലോക്ഡൗണിന് ശേഷമുള്ള അണ്‍ലോക്ക് പ്രക്രിയയിലാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ റോഡില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും ഡിജിറ്റല്‍ ബോധവത്കരണ പരിപാടി അവതരിപ്പിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. 

റോഡിലെ സുരക്ഷ നിര്‍ദേശങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നതിനായി ഹോണ്ട റോഡ് സേഫ്റ്റ് ഇ-ഗുരുകുല്‍ എന്ന പേരിലാണ് ഡിജിറ്റല്‍ റോഡ് സുരക്ഷ പരിപാടി അവതരിപ്പിക്കുന്നത്. കോവിഡ് കാലത്ത് സാമൂഹിക അകലം പുതിയ മാനദണ്ഡമായതോടെയാണ് മറ്റ് സുരക്ഷ മുന്‍കരുതലുമായി ഹോണ്ട എത്തുന്നത്. 

2020 മേയില്‍ ആരംഭിച്ച ഡിജിറ്റല്‍ റോഡ് സുരക്ഷ പരിപാടി ഇതിനോടകം 19 സംസ്ഥാനങ്ങളിലെ 50 നഗരങ്ങളില്‍ ഇതിനോടകം പ്രചരിപ്പിച്ച് കഴിഞ്ഞു. 8500 സ്‌കൂള്‍ കുട്ടികളെയും കോളേജുകളിലെയും കോര്‍പറേറ്റ് സ്ഥാപനങ്ങളിലേയും 23,000 ആളുകളും ഇതിനോടകം ഈ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.

45 മുതല്‍ 60 മിനിറ്റുകള്‍ വരെയുള്ള ഇന്ററാക്ടീവ് വീഡിയോയിലൂടെയാണ് ബോധവത്കരണം നടത്തുന്നത്. ഒരു സെക്ഷന് ശേഷവും ചോദ്യോത്തരത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അണ്‍ ലോക്ക് പ്രക്രിയയെ തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നതോടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ ഉദ്യമം.

റോഡ് സുരക്ഷ ഇന്ന് ഏറ്റവുമധികം ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. സാമൂഹിക പ്രതിബന്ധതയുള്ള കമ്പനിയെന്ന നിലയില്‍ ഇത് ഉറപ്പാക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. അതിനായാണ് ഈ ഡിജിറ്റല്‍ ബോധവത്കരണം നടത്തുന്നതെന്ന് ഹോണ്ട ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേധാവി പ്രഭു നാഗരാജ് പറഞ്ഞു.

Content Highlights: Honda Two Wheeler Starts Digital Road Safety Awareness Campaign