മുംബൈ നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളിലെ സൂചനാ ബോര്‍ഡുകളില്‍ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീരൂപങ്ങള്‍ സ്ഥാനംപിടിക്കുന്നു. പൊതു ഇടങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലാദ്യമായി മുംബൈയിലാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. നഗരങ്ങളിലെ കവലകളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് വിളക്കുകളിലും സൂചനാ ബോര്‍ഡുകളിലും കാല്‍നടയാത്രക്കാരെ പ്രതിനിധാനംചെയ്യാന്‍ പുരുഷ രൂപമാണ് ഉപയോഗിക്കാറ്. അതിന്റെ സ്ഥാനത്താണ് സ്ത്രീരൂപം വരുന്നത്.
മുംബൈ ദാദറില്‍, വീര്‍ സവര്‍ക്കര്‍ മാര്‍ഗ് എന്നു പേരുമാറ്റിയ കാഡല്‍ റോഡില്‍ 13 കവലകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിക്കുന്നത്. പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രവും മാഹിം ദര്‍ഗയും ബി.ആര്‍. അംബേദ്കറുടെ ശവകുടീരമുള്ള ചൈത്യ ഭൂമിയും സ്ഥിതിചെയ്യുന്ന ഈ പ്രദേശം നഗരത്തിന്റെ പൈതൃക കേന്ദ്രങ്ങളിലൊന്നാണ്.
ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സ്മാരകം വരുന്നതും ഇവിടെയാണ്. മഹാരാഷ്ട്ര ടൂറിസംമന്ത്രിയും ശിവസേനയുടെ യുവനേതാവുമായ ആദിത്യ താക്കറെയാണ് പുതിയ പരിഷ്‌കാരത്തിന്റെ വിവരവും ചിത്രങ്ങളും ട്വിറ്റര്‍ സന്ദേശത്തിലൂടെ ആദ്യം പങ്കുവെച്ചത്. അഭിമാന മുഹൂര്‍ത്തമാണിതെന്നു പറഞ്ഞ അദ്ദേഹം അതിനു നേതൃത്വംനല്‍കിയ മേയര്‍ കിഷോരി പഡ്‌നേങ്കര്‍ക്കും അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കറിനും നഗരസഭാംഗം വിശാഖാ റാവുത്തിനും നന്ദി പറയുകയും ചെയ്തു.
If you’ve passed by Dadar, you’d see something that will make you feel proud. @mybmcWardGN is ensuring gender equality with a simple idea- the signals now have women too! pic.twitter.com/8X0vJR8hvQ
— Aaditya Thackeray (@AUThackeray) August 1, 2020
13 കവലകളിലെ 120 ട്രാഫിക് സിഗ്‌നലുകളാണ് ഇപ്പോള്‍ പരിഷ്‌കരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കര്‍ പറഞ്ഞു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. ഇന്ത്യയില്‍ ആദ്യമാണെങ്കിലും ലോകത്തിലെ വന്‍നഗരങ്ങളില്‍ പലതിലും ട്രാഫിക് വിളക്കുകളില്‍ കാല്‍നടയാത്രക്കാരി നേരത്തേ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
2000-ത്തില്‍ ഡച്ച് നഗരമായ ആമെര്‍സ്ഫൂര്‍ട്ടിലാണ് ഇത്തരം ബോര്‍ഡുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ജര്‍മനിയിലെ ഡ്രെസ്ഡന്‍, കൊളോണ്‍ നഗരങ്ങള്‍ ഈ മാതൃക പിന്തുടര്‍ന്നു. ഓസ്‌ട്രേലിയിലെ മെല്‍ബണില്‍ മൂന്നുവര്‍ഷംമുമ്പും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ കഴിഞ്ഞവര്‍ഷവും പരിഷ്‌കാരം നടപ്പായി.
Content Highlights: Gender Equality With A Simple Idea; The Signals Now Have Women Too