കോട്ടയം: യാത്രക്കാരുടെ സുരക്ഷക്കായി യാത്രാവാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു. സ്ത്രീകളെയോ കുട്ടികളെയോ തട്ടിക്കൊണ്ടുപോയാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പോലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പോലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം.

യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തുംദൂരത്താകണം ഇത് സ്ഥാപിക്കേണ്ടത്. വാഹനത്തിന്റെ വലിപ്പം അനുസരിച്ച് ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണാണ് വേണ്ടത്. 

ജി.പി.എസ്. സംവിധാനത്തോടെയുള്ളതാണ് ബട്ടണ്‍. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഓട്ടോറിക്ഷ, ടാക്സി, ബസ്, വാന്‍ തുടങ്ങി ആളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും ഇത് സ്ഥാപിക്കണം. 

വാഹനവും ലോഡും ഉള്‍പ്പെടെ മൂവായിരം കിലോയ്ക്ക് മുകളില്‍വരുന്ന ഭാരവാഹനങ്ങളിലും നിര്‍ബന്ധമാണ്. എമര്‍ജന്‍സി സംവിധാനം ഒരുക്കിയ വാഹനങ്ങളേ വില്‍ക്കാന്‍പാടുള്ളൂ. വാഹന നിര്‍മാതാവോ ഡീലറോ ആണ് ഇത് ഒരുക്കേണ്ടത്. പഴയ വാഹനങ്ങളാണെങ്കില്‍ വാഹന ഉടമതന്നെ ഇത് ഘടിപ്പിക്കണം. 

ഏപ്രില്‍ ഒന്നുമുതല്‍ പെര്‍മിറ്റ് വേണമെങ്കില്‍ ഇത് പിടിപ്പിച്ചിരിക്കണം. ഇരുചക്രവാഹനങ്ങള്‍, ഇ-റിക്ഷ, സാധനങ്ങള്‍ കയറ്റുന്ന മുച്ചക്രവാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

ഡ്രൈവറുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വാഹനമോടിക്കുന്ന ഡ്രൈവറുടെ വിവരങ്ങള്‍ വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് കാണത്തക്കവിധം സ്ഥാപിക്കണം. പേര്, വയസ്, അഡ്രസ്, ഫോണ്‍നമ്പര്‍ എന്നിവ വെള്ളപ്രതലത്തില്‍ പ്രദര്‍ശിപ്പിക്കണം. ഫോട്ടോയും പതിച്ചിരിക്കണം. 

Content Highlights: For Women And Childrens Safety Emergency Button Mandatory In Passenger Vehicles