വാഹനത്തിന്റെ സുരക്ഷയ്‌ക്കൊപ്പം പ്രാധാന്യമുള്ള ലൈറ്റുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയില്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. വിവിധ മുന്നറിയിപ്പ് ആവശ്യങ്ങള്‍ക്കുള്ള ലൈറ്റുകളാണ് വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത്. ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, അധികമായി ഘടിപ്പിക്കുന്ന ലൈറ്റുകള്‍ തുടങ്ങിയവ കൃത്യസമയത്ത് പ്രവര്‍ത്തിപ്പിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നില്ലെന്നാണ് വാഹനവകുപ്പ് വ്യക്തമാക്കുന്നത്.

വാഹനത്തിലെ സിഗ്‌നല്‍ ലൈറ്റുകളുടെ മുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചും പെയിന്റ് ചെയ്തും 'ഫ്രീക്ക്' ആക്കുമ്പോള്‍ സ്വന്തം സുരക്ഷയും തൊട്ടുപിന്നില്‍ വരുന്ന വാഹനത്തിന്റെ സുരക്ഷയുമാണ് അപകടത്തിലാകുന്നത്.

വഴിതെറ്റിക്കുന്ന ഇന്‍ഡിക്കേറ്ററുകള്‍

ശരിയായ ദിശ പിന്നിലുള്ളവര്‍ക്ക് മനസ്സിലാക്കാനാണ് ഇന്‍ഡിക്കേറ്ററുകള്‍. എന്നാല്‍ ഇന്‍ഡിക്കേറ്ററിട്ട് വളവ് തിരിഞ്ഞുകഴിഞ്ഞാലും ഓഫാക്കാതെ ഏറെദൂരം സഞ്ചരിക്കുന്നവര്‍ പാതകളില്‍ സ്ഥിരം കാഴ്ചയാണ്. ചിലരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോളാണ് ഡ്രൈവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതും. വലിയ വാഹനങ്ങളില്‍ തനിയെ നിലയ്ക്കുന്ന സംവിധാനമുണ്ട്. എന്നാല്‍ ഇരുചക്രവാഹനക്കാരാണ് അശ്രദ്ധമായി ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ലൈറ്റുകള്‍ കൃത്യമായി ഉപയോഗിക്കണം

വാഹനത്തിന്റെ ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം. മറ്റു വാഹനങ്ങളുടെ സുരക്ഷകൂടി കണക്കിലെടുത്ത് പ്രത്യേകിച്ചും ഇരുള്‍വീണുകഴിഞ്ഞാല്‍ ലൈറ്റുകള്‍ ഉപയോഗിക്കണം. ലൈറ്റുകള്‍ ഘടിപ്പിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയുമുള്ള ഡ്രൈവിങ്ങിനെതിരേ കര്‍ശന നടപടി തുടരും.

-ടി.ജി. ഗോകുല്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ, മലപ്പുറം