ദുബായ്: കണ്ടാലൊരു കുഞ്ഞന്‍ കാര്‍. കുട്ടികളുടെ കളിപ്പാട്ടം പോലെ. പക്ഷെ, കാണുംപോലെ നിസ്സാരക്കാരനല്ല അത്യാധുനിക സംവിധാനങ്ങളുള്ള, കുറ്റവാളികളെയും നിയമലംഘകരെയും  തിരിച്ചറിയാന്‍ കഴിയുന്ന  ഈ റോബോട്ടിക് കാര്‍. ലോകത്തിലെതന്നെ ഡ്രൈവറില്ലാത്ത ആദ്യ പട്രോളിങ് വാഹനമാണ് ദുബായ് പോലീസ് സ്വന്തമാക്കിയിരിക്കുന്ന ഈ ചെറുകാര്‍.

ഈ വര്‍ഷാവസാനം ദുബായ് നിരത്തുകളില്‍ സുരക്ഷാ ഉറപ്പാക്കാന്‍ പോലീസിന്റെ പുതിയ കാര്‍ പട്രോളിങ്ങിനിറങ്ങും. ബയോമെട്രിക് സോഫ്‌വെയര്‍ ഉപയോഗിച്ച് കുറ്റവാളികളെയും നിയമലംഘകരെയും കണ്ടെത്തുന്ന സംവിധാനമുള്ള കാര്‍ സിംഗപ്പൂരിലെ ഒറ്റസൗ ഡിജിറ്റല്‍ എന്ന കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.

O-R3 Robot

ഒ-ആര്‍ ത്രീ  എന്നറിയപ്പെടുന്ന ഈ കാറുകളില്‍ പോലീസ് കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറകളുള്ള ഡ്രോണുകളും ആവശ്യമെങ്കില്‍ പ്രവര്‍ത്തനസജ്ജമാണ്. ദുബായിയുടെ സ്മാര്‍ട്ട് സിറ്റി സംരംഭത്തിന്റെ ഭാഗമായാണ് റോബോട്ടിക് കാര്‍ പട്രോളിങ്ങിനായി സജ്ജമാക്കുന്നതെന്നു ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി പറഞ്ഞു.