കാസര്‍കോട്: എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞാല്‍ എനിക്ക് വണ്ടി വാങ്ങിത്തരുമോ എന്ന കുട്ടികളുടെ ചോദ്യമാണ് ഇപ്പോള്‍ രക്ഷിതാക്കളെ ഏറെ ഭയപ്പെടുത്തുന്നത്. അതിന് നിനക്ക് ലൈസന്‍സുണ്ടോ, വണ്ടി ഓടിക്കാന്‍ അറിയുമോ... എന്ന ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. വണ്ടിയോടുള്ള അടങ്ങാത്ത കമ്പത്തിനും കൂട്ടുകാര്‍ക്കെല്ലാം വണ്ടിയുണ്ടെന്ന അവരുടെ 'ന്യായമായ' വാശിക്കും മുന്‍പില്‍ രക്ഷിതാക്കള്‍ക്ക് മറുപടിയുണ്ടാവില്ല.

ലൈസന്‍സായിട്ട് പോരേ വണ്ടിയെന്ന രക്ഷിതാക്കളുടെ ന്യായത്തിനുമുന്നില്‍ അവര്‍ നിരാഹാരസമരം ഉള്‍പ്പെടെ പ്രഖ്യാപിച്ചുകളയും. പുത്രവാത്സല്യത്താല്‍ ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിനല്‍കിയാല്‍ പിന്നെ രാത്രി വീട്ടില്‍ തിരിച്ചെത്തുന്നതുവരെ വീട്ടിലുള്ളവരുടെ നെഞ്ചില്‍ തീയാണെന്നുള്ളത് ചെത്ത് പയ്യന്‍മാര്‍ക്കറിയില്ലല്ലോ. 'മക്കള്‍ക്ക് ഒന്നും വരുത്തരുതേ എന്ന രക്ഷിതാക്കളുടെ പ്രാര്‍ഥനയുടെ ഫലമാകാം ഞങ്ങള്‍ നടത്തുന്ന പരിശോധന. അത് കുട്ടികളെ കേസില്‍ കുടുക്കാനല്ല, അപകടത്തില്‍നിന്ന് രക്ഷിക്കാനാണ്. പക്ഷേ പിടിച്ചുകഴിഞ്ഞാല്‍ വിളിയായി, സമ്മര്‍ദമായി. ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണിവിടെ' -ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

എട്ടാം ക്ലാസ് മുതലുള്ള ആണ്‍കുട്ടികള്‍ ശനി, ഞായര്‍ ദിവസങ്ങളായാല്‍ കൂട്ടുകാരന്റെ വണ്ടിക്ക് ഷെയറിട്ട് പെട്രോളടിച്ച് മൈതാനത്തും ഒഴിഞ്ഞ റോഡുകളിലുമായിട്ടാണ് വണ്ടി പഠിച്ചെടുക്കുന്നത്. ലൈസന്‍സെടുക്കാന്‍ പ്രായമാവുന്നതിനു മുന്‍പുതന്നെ വണ്ടിയോടിക്കാന്‍ പഠിക്കുന്ന ചുള്ളന്‍മാര്‍ക്ക് അടുത്ത സ്വപ്നം സ്വന്തമായൊരു വണ്ടിയാണ്. സ്‌കൂളില്‍ കൃത്യസമയത്തെത്താനും അത്യാവശ്യസാധനങ്ങള്‍ വീട്ടിലേക്ക് വാങ്ങാനുമെന്നെല്ലാം പറഞ്ഞ് വാങ്ങുന്ന വണ്ടിയില്‍ പിന്നെ ചെത്തിനടക്കുകയാണിവര്‍. അവരുടെ ഭാഷയില്‍ ചെറിയ ചെറിയ ട്രിപ്പടിക്കല്‍.

ചെത്തിനടക്കാന്‍ വണ്ടി ചെത്തിമിനുക്കും

ബുള്ളറ്റ്, ഡ്യൂക്ക്, കെ.ടി.എം. തുടങ്ങിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകളോടാണ് ന്യൂജന്‍ പിള്ളേര്‍ക്ക് താത്പര്യം. കാലം കഴിഞ്ഞ ആര്‍.എക്‌സ്.-100 പോലുള്ള വണ്ടികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും വണ്ടികള്‍ നിരത്തിലിറങ്ങുന്നുണ്ട്. വണ്ടിക്കമ്പക്കാര്‍ക്ക് പലപ്പോഴും ഇത്തരം വിലകൂടിയ വണ്ടികള്‍ വാങ്ങാന്‍ സാധിച്ചെന്നുവരില്ല. അത്തരക്കാര്‍ക്കായി ആള്‍ട്ടറേഷന്‍ (വണ്ടികളില്‍ രൂപമാറ്റം വരുത്തുന്ന രീതി) ഉണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതാക്കിയാണ് വണ്ടി അലങ്കരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഇരുവശത്തുമുള്ള മിററുകള്‍ പൂര്‍ണമായോ ഭാഗികമായോ അഴിച്ചുവെക്കുകയാണ് ആദ്യം ചെയ്യുന്നത്. വലിപ്പം കുറഞ്ഞ മിറര്‍ സ്ഥാപിക്കുന്നതാണ് മറ്റൊന്ന്. പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാനാണ് മിറര്‍. അതില്ലെങ്കില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ആ സാധ്യത കൂട്ടുകയാണ് കുട്ടികള്‍ ചെയ്യുന്നത്.

വണ്ടിക്ക് സുരക്ഷിതത്വം നല്‍കുന്ന കമ്പികള്‍ (ഗാര്‍ഡ്) സാമ്പ്രദായികതയുടെ അടയാളമാണെന്ന ധാരണയില്‍ ലുക്ക് കൂട്ടാന്‍ അതഴിച്ചുമാറ്റുന്ന വിരുതന്‍മാരും കുറവല്ല. ചെറിയ വണ്ടികളില്‍ ഹാന്‍ഡില്‍ ബാര്‍ മാറ്റി സ്പോര്‍ട്സ് വണ്ടിയുടേത് പിടിപ്പിക്കുക, പിറകുവശത്ത് കമ്പനി ടയര്‍ മാറ്റി തടിച്ച ടയര്‍ പിടിപ്പിക്കുക തുടങ്ങിയവയാണ് വണ്ടി മൊഞ്ചാക്കുന്ന മറ്റ് മാര്‍ഗങ്ങള്‍. ഇത്തരം മാറ്റങ്ങള്‍ വണ്ടിയുടെ ബാലന്‍സ്, ഭാരം താങ്ങാനുള്ള ശക്തി, മൈലേജ് തുടങ്ങിയവയില്‍ ദോഷകരമായ മാറ്റം വരുത്തുന്നു.

നമ്പര്‍ പ്ലേറ്റില്‍ നിശ്ചിതമാതൃകയിലല്ലാതെ നമ്പര്‍ എഴുതുക, സൈലന്‍സറില്‍ ദ്വാരമുണ്ടാക്കിയും ഫില്‍റ്റര്‍ പിടിപ്പിച്ചും ശബ്ദം മാറ്റുക, പഴയ വണ്ടിക്കും ചെറിയ വണ്ടിക്കും മുന്തിയ സ്പോര്‍ട്സ് വാഹനങ്ങളുടെ ബോഡി പിടിപ്പിക്കുക, വണ്ടിയുടെ ചങ്ങല സംരക്ഷിക്കാനുള്ള ചെയിന്‍ സോക്കറ്റ് അഴിച്ചുമാറ്റല്‍, ഇന്‍ഡിക്കേറ്റര്‍ ലെറ്റ്, ഹെഡ്ലൈറ്റ് എന്നിവയില്‍ കറുത്ത കൂളിങ് സ്റ്റിക്കര്‍ പതിക്കല്‍, ബ്രേക്ക് പിടിക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന ചെറിയ ബള്‍ബുകള്‍ പിടിപ്പിക്കല്‍, രാത്രിയാത്രയില്‍ എതിരേ വരുന്ന വാഹന ഡ്രൈവറുടെ കണ്ണിലടിക്കുന്ന രീതിയിലുള്ള എല്‍.ഇ.ഡി. ബള്‍ബുകള്‍, ഹെഡ്ലൈറ്റിനു പകരം തീവ്രതയേറിയ പ്രൊജക്ടര്‍ ലൈറ്റ് പിടിപ്പിക്കല്‍ തുടങ്ങി വണ്ടിയുടെ രൂപം തന്നെ മാറ്റുന്ന രീതിയാണ് ചെത്ത്പിള്ളേര്‍ പിന്തുടരുന്നത്. എല്ലാം അപകടസാധ്യത കൂട്ടുന്നത്.

വണ്ടി കൊടുക്കുന്നവര്‍ ജാഗ്രതൈ

പ്രായപൂര്‍ത്തിയാവാതെ വണ്ടിയോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേയാണ് കേസ് എടുക്കുക. ഇത്തരത്തില്‍ നൂറുകണക്കിന് കേസുകള്‍ കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുണ്ട്. കാസര്‍കോട് നഗരത്തിലാണ് ഇത്തരം കേസ് കൂടുതലായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പലര്‍ക്കും അതിവേഗം കൊണ്ടുണ്ടാവുന്ന അപകടത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ ബോധമില്ലാത്തതുകൊണ്ടല്ല ഇതിങ്ങനെ തുടരുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ ക്ലാസുകള്‍ പലപ്പോഴായി ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാലും എല്ലാരും ചെയ്യുന്നില്ലേ പിന്നെന്താ നമുക്കും എന്ന പൊതുബോധമാണ് ഇവരില്‍ പലര്‍ക്കുമുള്ളത്.

ഒരുവര്‍ഷത്തിനിടയില്‍ 930 വാഹനാപകടങ്ങളാണ് കാസര്‍കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 'കുട്ടിഡ്രൈവര്‍മാര്‍'ക്കെതിരേ രജിസ്റ്റര്‍ ചെയ്തത് 404-നു മുകളില്‍ കേസ്. അതായത് മൊത്തം വാഹനാപകടങ്ങളുടെ പകുതിയോളം കുട്ടിഡ്രൈവര്‍മാരുണ്ടാക്കിയതാണ്. 118 ജീവനുകള്‍ വിവിധ അപകടങ്ങളിലായി പൊലിഞ്ഞിട്ടുണ്ട്. ഇത്തരം കണക്കുകള്‍ രക്ഷിതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട സമയം അതിക്രമിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

Content Highlights; Do not give bikes to childrens before 18 years