വാഹനം ഓടിക്കുന്നവരില്‍ നല്ലൊരു ശതമാനവും റോഡിലെ വരകളെപ്പറ്റി ബോധവാന്‍മാരല്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. ഭംഗിയുള്ള വരകള്‍ കണ്ട് 'ഹായ്'പറയുകയും റോഡിലെ നിയമം പാലിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്നതായാണ് സൂചന. വേഗനിയന്ത്രണ സംവിധാനമായ ഹമ്പ് പല റോഡുകളില്‍നിന്നും അപ്രത്യക്ഷമായി. 

ഇതിനു പകരമായി ഇപ്പോള്‍ വരകളാണ് ഉപയോഗിക്കുന്നത്. സേഫ് സോണ്‍ പദ്ധതിപ്രകാരം എം.സി. റോഡില്‍ ഏനാത്ത് മുതല്‍ പന്തളം വരെ ഇത്തരം വരകള്‍ കാണാം. ഈ വരകള്‍ തെറ്റിക്കുന്നതു കാരണം നിരവധി അപകടങ്ങളും എം.സി. റോഡില്‍ നടക്കാറുണ്ട്. അടൂര്‍ ബൈപ്പാസ്, മിത്രപുരം, പറന്തല്‍, എനാത്ത് എം.ജി. ജങ്ഷന്‍, പുതുശ്ശേരി ഭാഗം, വടക്കടത്തുകാവ് എന്നിവിടങ്ങളിലാണ് അപകടം നടക്കുന്നത്.

അനാവശ്യകരമായ സമയത്തെ ഓവര്‍ ടേക്കിങ്ങാണ് അപകട കാരണങ്ങളില്‍ മുഖ്യമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നു. സുരക്ഷിതമായ ഗതാഗതത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന നിശ്ശബ്ദസംവിധാനമാണ് റോഡിലെ അടയാളങ്ങള്‍. ഏഴുതരത്തിലുള്ള അടയാളങ്ങളാണ് റോഡില്‍ പ്രധാനമായും ക്രമീകരിക്കുന്നത്.

പ്രധാന അടയാളങ്ങള്‍ ഇങ്ങനെ

പ്രധാന അടയാളങ്ങളാണ് ഇടവിട്ട വെള്ളവര, അകലം കുറഞ്ഞ ഇടവിട്ട വെള്ളവര, തുടര്‍ച്ചയായ വെള്ളവര, തുടര്‍ച്ചയായ മഞ്ഞ വര, ഇരട്ട വെള്ള/ മഞ്ഞ വര, ട്രാഫിക് ലെയിന്‍ വര. ഈ അടയാളങ്ങള്‍ക്ക് എല്ലാം തന്നെ വ്യത്യസ്തമായ നിരവധി സ്ഥാനം, ധര്‍മ്മം എന്നിവ ഉണ്ട്.

ഇടവിട്ട വെള്ളവര

ഇരുവരിപ്പാതയുടെ മധ്യരേഖ, ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേര്‍തിരിക്കുന്നതിനു വേണ്ടിയാണ്. ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ ഇടതുഭാഗം നിലനിര്‍ത്തി വാഹനമോടിക്കുവാന്‍ സഹായിക്കുന്ന ഈ വര ഓവര്‍ ടേക്കിങ് സമയത്ത് അത്യാവശ്യമെങ്കില്‍ മുറിച്ചുകടക്കാം.

അകലം കുറഞ്ഞ ഇടവിട്ട വെള്ളവര

അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പുനല്‍കുന്ന വരകളാണ് ഇത്. ഈ വരയ്ക്ക് നീളം കൂടുതലും വരകള്‍ തമ്മിലുള്ള അകലം കുറവും ആയിരിക്കും. കുറഞ്ഞത് ഏഴു വരകള്‍ ഉണ്ടാകും. വളവുകള്‍, ജങ്ഷനുകള്‍ എന്നീ സ്ഥലങ്ങള്‍ അടുക്കുന്നതിനു മുന്‍പായി മധ്യരേഖയോട് തുടര്‍ച്ചയായിട്ടാണ് ഈ വരകള്‍ കാണുക.

തുടര്‍ച്ചയായ വെള്ളവര

ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിര്‍ത്തിത്തന്നെ വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിന് നിയന്ത്രണവുമുണ്ട്.

തുടര്‍ച്ചയായ മഞ്ഞവര

മഞ്ഞവരയുള്ള ഭാഗത്ത് ഓവര്‍ ടേക്കിങ് പാടില്ല. ദൂരക്കാഴ്ച കുറവായ വളവുകളിലാണ് ഈ വരകള്‍ പൊതുവേ ഉണ്ടാകുക. ഈ വര മുറിച്ചുകടക്കുന്നത് കുറ്റകരമാണ്.

ഇരട്ട മഞ്ഞവര/ വെള്ളവര

ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചുകടക്കുന്നതിന് കര്‍ശനമായ നിയന്ത്രണമാണ് ഉള്ളത്.

തുടര്‍ച്ചയായ വരയും ഇടവിട്ട വരയും

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങള്‍ക്ക് വര മുറിച്ചുകടക്കാം. പക്ഷേ തുടര്‍ച്ചയായ വരയുള്ള വശത്തെ വാഹനങ്ങള്‍ക്ക് വര മുറിച്ചുകടക്കാന്‍ അനുവാദമില്ല.

ട്രാഫിക് ലെയ്ന്‍ വര

വീതികൂടിയ റോഡുകളില്‍ ഗതാഗതം വരിവരിയായി ക്രമീകരിക്കുന്നതിനാണ് ഈ വരകള്‍. ഇടവിട്ട വെള്ള വരയായാണ് ട്രാഫിക് ലെയ്‌നിന് വരയ്ക്കുക. മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകള്‍ക്ക്.

വരയ്ക്കുന്നത് ഇങ്ങനെ

ചൂടാക്കി ഉപയോഗിക്കുന്ന തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ട്, പ്രത്യേക തരത്തിലുള്ള പെയിന്റ്, റിഫ്ളക്ടീവ് സ്റ്റഡ്സ് എന്നിവ ഉപയോഗിച്ച് നിശ്ചിതനിറത്തിലും അളവിലുമാണ് അടയാളങ്ങള്‍ വരയ്ക്കുക. പെട്ടെന്ന് കാണാന്‍ കഴിയും എന്നതിനാല്‍ വെള്ളനിറമാണ് കൂടുതലായും ഉപയോഗിക്കുന്നത്.

പഴയ ഡ്രൈവര്‍മാര്‍ക്കും വേണം പരിശീലനം

പുതിയതായി ഡ്രൈവിങ് പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പുതിയ റോഡ് നിയമം പഠിപ്പിക്കുന്ന പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ട്. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്ക് പുതിയ റോഡ് നിയമങ്ങള്‍ അറിയില്ല എന്ന് മോട്ടോര്‍ വാഹന വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ എത്തി ആവശ്യപ്പെട്ടാല്‍ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അടൂര്‍ ജോയിന്റ് ആര്‍.ടി.ഒ. എന്‍.സി. അജിത് കുമാര്‍ പറഞ്ഞു.

പുതിയ നിയമം

1989 മുതല്‍ നിലവിലുണ്ടായിരുന്ന റൂള്‍സ് ഓഫ് റോഡ് റെഗുലേഷന്‍സ് 2017-ല്‍ അസാധുവാക്കിയിരുന്നു. 2017 ജൂണ്‍ 23-ന് കേന്ദ്ര ഗവണ്‍മെന്റ് പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ (ഡ്രൈവിങ്) റെഗുലേഷന്‍സ് നടപ്പിലാക്കി. റോഡുസുരക്ഷ ലക്ഷ്യംവെച്ചുള്ള 40 റെഗുലേഷനുകളും അവയുടെ ഉപവകുപ്പുകളും ഉള്‍പ്പെടുത്തിയ നിയമവ്യവസ്ഥയാണ് ഡ്രൈവിങ് റെഗുലേഷന്‍സ്. ഇതില്‍ റോഡിലെ വരകള്‍ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.

Content Highlights: Different Lines In Road, Road Safety, Road Lines