കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയിലാണ് രാജ്യം. ഈ ഘട്ടത്തില്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമവും ഓക്‌സിജന്‍ ഗതാഗതവും കാര്യക്ഷമമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓക്‌സിജനുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കേണ്ട പരഗണന സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സന്ദേശം.

രോഗിയുമായി പോകുന്ന ആംബുലന്‍സിന് നല്‍കുന്ന പരിഗണന ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്കും നല്‍കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ആഹ്വാനം. ഓകിസിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഇതിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലുകള്‍, ജംഗ്ഷനുകള്‍, ടോള്‍ പ്ലാസകള്‍  എന്നിവിടങ്ങളില്‍ ഫ്രീ ലെഫ്റ്റ് മാര്‍ഗത്തിന് തടസ്സം സൃഷ്ടിക്കുന്നവരുടെയും നാലുവരിപാതയില്‍ റൈറ്റ് ട്രാക്കില്‍ തടസ്സം സൃഷ്ടിക്കുന്നവരുടെയും മോട്ടോര്‍ വാഹന ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയും സ്വീകരിക്കും. 

സുഗമമായ ഓകിസിജന്‍ വിതരണം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ പരിശോധന ശക്തമാക്കി. അടിയന്തര സേവനത്തിനായുള്ള വാഹനങ്ങളുടെ തൊട്ടുപുറകെ വാഹനങ്ങള്‍ പായിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായാണ് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, ദ്രവീകൃത ഓക്‌സിജന്‍ കൊണ്ടുപോകുന്ന ക്രയോജനിക് ടാങ്കറുകള്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ്, സൈറണ്‍ എന്നിവ ഉപയോഗിക്കാം. 

നിശ്ചിത വേഗതയ്ക്ക് മുകളില്‍ സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത  ഓക്‌സിജന്‍ സിലിന്‍ഡറുകളുമായി പോകുന്ന വാഹനങ്ങള്‍ക്ക്  നാലുവരിപാതകളിലും ട്രാഫിക് സിഗ്‌നലുകളിലെ ഫ്രീലെഫ്റ്റ് മാര്‍ഗത്തിലും തടസ്സം സൃഷ്ടിച്ചാല്‍  ഓക്‌സിജന്‍ വിതരണത്തെ സാരമായി ബാധിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഷാജി മാധവന്‍ പറഞ്ഞു. 

നാലുവര പാതകളിലെ റൈറ്റ് ട്രാക്ക് അടിയന്തര സേവനങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ക്കായി ഒഴിച്ചിടണം. ആംബുലന്‍സുകള്‍, ഓക്‌സിജന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിരത്തില്‍ മുന്തിയ പരിഗണന നല്‍കാന്‍ മറ്റ് വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

Content highlights: Covid-19; Oxygen Transportation vehicle, Motor Vehicle Department