കൊറോണയില്‍നിന്നും സുരക്ഷിതത്വം കണക്കിലെടുത്ത് പൊതുഗതാഗതത്തില്‍നിന്നും ജനങ്ങള്‍ അകലുമ്പോള്‍ അവരെ സുരക്ഷിതരായി പൊതുഗതാഗതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമം തുടങ്ങി. കോവിഡ് ആരംഭിച്ചതുമുതല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ഓട്ടോകളും ടാക്‌സികളും വിളിക്കാന്‍ പലരും മടികാണിച്ചു. പൊതുവില്‍ തകര്‍ന്ന മേഖല ഇതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായി.

ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ആദ്യ പരീക്ഷണം സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷയില്‍ നിന്ന് തുടങ്ങിയിരിക്കുന്നത്. ടാക്‌സിയിലും ഇത് നടപ്പാക്കിവരുന്നു. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ക്യാബിനുകള്‍ സമ്പര്‍ക്കമുണ്ടാകാത്ത തരത്തില്‍ വേര്‍തിരിക്കുന്ന നടപടിയായിരുന്നു ആദ്യം. പിന്നീട് ഓരോ യാത്രയ്ക്കുമുമ്പും യാത്ര കഴിഞ്ഞും വാഹനം അണുവിമുക്തമാക്കുന്നതിനുള്ള നിര്‍ദേശം നല്‍കി.

ഓരോ സ്റ്റാന്‍ഡിലും ബക്കറ്റും കപ്പും

ഡ്രൈവര്‍മാര്‍ യാത്രയ്ക്കു മുമ്പും ശേഷവും കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകണം. അതിനായി ബക്കറ്റും കപ്പും ഓരോ സ്റ്റാന്‍ഡിലും നല്‍കി. വാഹനം അണുവിമുക്തമാക്കുവാനുള്ള ലായനി, വാഹനത്തില്‍ ലായനി തളിക്കുവാനുള്ള സ്‌പ്രേയര്‍, തുടയ്ക്കുവാനുള്ള ടൗവല്‍ എന്നിവയും സ്റ്റാന്‍ഡുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

യാത്രക്കാര്‍ക്കൊപ്പം ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതത്വം

വാഹനത്തില്‍ കയറുന്നവര്‍ക്കൊപ്പം ഓടിക്കുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സ്റ്റാന്‍ഡുകളില്‍ നടപ്പാക്കേണ്ട സുരക്ഷാമാര്‍ഗങ്ങളേക്കുറിച്ചുള്ള ലഘുലേഖ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്നു. കൂട്ടംകൂടി സ്റ്റാന്‍ഡില്‍ നില്‍ക്കരുത്, വായും മൂക്കും മൂടുന്നവിധം മാസ്‌ക് ധരിക്കുക, അണുനാശിനി ഉപയോഗിച്ച് വാഹനം ശുചിയാക്കുക, പണം വാങ്ങിക്കഴിഞ്ഞശേഷവും യാത്രകഴിഞ്ഞും കൈകഴുകല്‍ ശീലമാക്കുക, യാത്രക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക. തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനമുണ്ട്.

രണ്ടാംഘട്ടം ബസില്‍

അടുത്തഘട്ടമായി ബസുകളില്‍ ഇത് നടപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം. ബസുകളില്‍ കൂടുതല്‍ ആളുകള്‍ കയറാതായതോടെ പൊതുഗതാഗതം നഷ്ടത്തിലായി. സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

എന്‍.സി.അജിത് കുമാര്‍, ജോയിന്റ് ആര്‍.ടി.ഒ. അടൂര്‍.

Content Highlights: Covid-19; Motor Vehicle Department Ensure Safety In Public Transportation