വൈകാതെ ഇന്ത്യയിലെത്തുന്ന പിഎസ്എ ഗ്രൂപ്പ് ഇവിടെ പരീക്ഷിക്കുന്ന ആദ്യ മോഡലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്.യു.വി. യൂറോ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടിപരീക്ഷയില്‍ സുരക്ഷ ഉറപ്പാക്കി 4 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 33.4 പോയന്റും (87 %) കുട്ടികളുടെ സുരക്ഷയില്‍ 42.6 പോയന്റും (86 %) സി5 എയര്‍ക്രോസിന് ലഭിച്ചു. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനേഴ്‌സ്, സീറ്റ് ബെല്‍റ്റ് വാണിങ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്ഡ്, എയര്‍ബാഗ് കട്ട് ഓഫ് സ്വിച്ച്, ഡ്രൈവര്‍ അസിസ്റ്റ് ഫങ്ഷനായി ഫോര്‍വേര്‍ഡ് ലുക്കിങ് ക്യാമറാ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള സി 5 എയര്‍ക്രോസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. എയര്‍ക്രോസിന്റെ യൂറോപ്യന്‍ വകഭേദത്തില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനവുമുണ്ട് (AEB). ഇതുവഴി കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 27.9 പോയന്റും (58%) സിട്രോണ്‍ സി5 എയര്‍ക്രോസിന് ലഭിച്ചിട്ടുണ്ട്. 

ഇന്ത്യയിലെത്തുമ്പോള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ചെന്നൈ പ്ലാന്റിലാണ് പിഎസ്എ കാറുകളുടെ നിര്‍മാണം നടക്കുക. വൈകാതെ ഇന്ത്യയിലും ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡം നിര്‍ബന്ധമാക്കുന്നതിനാല്‍ വിദേശ സ്പെക്കുകള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യയിലെത്തുന്ന സിട്രോണിലും പ്രതീക്ഷിക്കാം. 2020-ന്റെ തുടക്കത്തില്‍ തന്നെ സിട്രോണ്‍ സി5 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും എയര്‍ക്രോസ് എത്തുകയെന്നാണ് സൂചന. 8 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ഗിയര്‍ബോക്‌സ്. 

Content Highlights; Citroen C5 Aircross SUV scores four stars at Euro NCAP crash tests