തിരുവനന്തപുരം: പതിമൂന്ന് വയസ്സില്‍താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മിഷന്‍ വിലക്കി. അപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി. 

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തണം. കുട്ടികള്‍ക്ക് വേണ്ടിയുള്ള സീറ്റ് (ചൈല്‍ഡ് സീറ്റ്) നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതി വരുത്താനും മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. 

സംഗീതജ്ഞന്‍ ബാലഭാസ്‌കറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനിയും മരിച്ച അപകടത്തെത്തുടര്‍ന്ന് കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. സീറ്റ് ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് അനുയോജ്യം. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ എയര്‍ബാഗും അപകടരകമാണ്. മുന്നിലേക്ക് തെറിക്കുന്നവര്‍ പൊട്ടിവിടരുന്ന എയര്‍ബാഗില്‍ ഇടിക്കും. കുട്ടികള്‍ മടിയില്‍ ഇരിക്കുകയാണെങ്കില്‍ എയര്‍ബാഗിനും യാത്രക്കാരും ഇടയില്‍പ്പെട്ട് പരിക്കേല്‍ക്കും. 

മുതിര്‍ന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുമ്പോള്‍ കുട്ടികള്‍ പിടിവിട്ട് തെറിച്ചുപോകാനുള്ള സാധ്യതയുണ്ട്. ചൈല്‍ഡ് സീറ്റിനായി ബോധവത്കരണം നടത്തുന്നതിന് ഗതാഗത കമ്മിഷണറും വനിതാ-ശിശു വികസന വകുപ്പും നടപടിയെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

ചൈല്‍ഡ് സീറ്റ്

പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ചൈല്‍ഡ് സീറ്റുകള്‍ നിര്‍ബന്ധമാണ്. കുട്ടികളുടെ യാത്രയ്ക്ക് കാറുകളുടെ പിന്‍സീറ്റാണ് സുരക്ഷിതമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. പിന്‍സീറ്റിന്റെ മധ്യഭാഗത്ത് പിന്നിലേക്ക് അഭിമുഖമായി വരത്തക്കവിധം ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഉചിതം. ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഇന്‍ഫന്റ്, ചൈല്‍ഡ്, ബൂസ്റ്റര്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് അനുയോജ്യമായവ ലഭ്യമാണ. 

Content Highlights; Child seat mandatory, Child Rights Commission, Child Safety Seat