മുന്നില്‍ തടസ്സമുണ്ടെന്നറിഞ്ഞിട്ടും റോഡുകളില്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ പതിവ് കാഴ്ചയാണ്. ഈ ശീലത്തിന് മാറ്റം വരുത്തി അനിവാര്യ ഘട്ടത്തില്‍ മിതമായി മാത്രം ഹോണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുകയാണ് കേരള പോലീസ്. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് സാധാരണ ഹോണ്‍ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ഡ്രൈവര്‍മാര്‍ ഹോണ്‍ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. എന്നാല്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ബുദ്ധിമുട്ടുണ്ടാക്കും. ഈ ശീലം ഒഴിവാക്കണമെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പോലീസ് പറയുന്നത്.
തുടര്‍ച്ചായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമായവര്‍ക്ക് പെട്ടെന്ന് എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പമുണ്ടാകും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ചെറിയ വാഹങ്ങളെയും ഇരുചക്രവാഹനയാത്രികര്‍ കാല്‍നടയാത്രക്കാരെയും ഹോണടിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാമെന്നും കേരള പോലീസ് പറയുന്നു.
60 മുതല്‍ 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാറുണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി പോകുന്ന വലിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീര്‍ഘ നേരം അമിത ഹോണ്‍ ചെവിയില്‍ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടമുണ്ടാക്കാനും കാരണമായേക്കാം.
എയര്‍ ഹോണുകള്‍, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങള്‍, ശബ്ദവ്യത്യാസം വരുത്തിയ വാഹനങ്ങള്‍ തുടങ്ങിയ ഡ്രൈവര്‍മാക്ക് തങ്ങള്‍ ഉപയോഗിക്കുന്ന ഹോണ്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ധരണയുണ്ടാകണം. സാധാരണ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം 30-40 ഡെസിബല്ലും ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ 50 ഡെസിബെലുമാണ് കേള്‍ക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കില്‍ 70 ഡെസിബല്‍ വരെ ശബ്ദമുണ്ടാകും. നിരോധിത എയര്‍ ഹോണുകള്‍ മുഴക്കുമ്പോള്‍ 90-100 ഡെസിബല്‍ വരെ ശബ്ദമാണുണ്ടാകുന്നത്. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്നും കേരള പോലീസ് ഓര്‍മ്മപ്പെടുത്തുന്നു.
Content Highlights; Avoid unnecessary horn usage, Kerala police facebook post on vehicles horn usage