അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ ഹൈവേകളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തനം നിലച്ചു. 65 ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. അറ്റകുറ്റപ്പണി നടത്താത്തതാണ് ക്യാമറകള്‍ ഇത്രയധികം പ്രവര്‍ത്തനരഹിതമായിപ്പോകാന്‍ കാരണം.
ഒരുവര്‍ഷം മുമ്പ് 64 ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിയുമ്പോള്‍ പ്രവര്‍ത്തനം നിലച്ച ക്യാമറയുടെ എണ്ണം ഒന്നുകൂടി കൂടിയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല.
2012-ലാണ് ഗതാഗത വകുപ്പ് അത്യാധുനിക സംവിധാനങ്ങളുള്ള ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് നെറ്റ്വര്‍ക്ക് വഴി ഗതാഗത വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയാണ് ഈ ക്യാമറകള്‍ ചെയ്യുന്നത്. സംസ്ഥാനത്ത് ഇത്തരം 143 ക്യാമറകളാണ് 26 കോടി രൂപ ചെലവാക്കി സ്ഥാപിച്ചത്.
കോടികള്‍ വിലയുള്ള ക്യാമറകള്‍ സ്ഥാപിച്ചതല്ലാതെ, ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് കൃത്യമായി നല്‍കാത്തതാണ് പ്രശ്‌നങ്ങളുടെ കാരണം. കേടായ സ്പീഡ് ക്യാമറകള്‍ നന്നാക്കാന്‍ കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 70 ലക്ഷം രൂപ ക്യാമറകളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കിയിട്ടുമുണ്ട്. ബാക്കിയുള്ള ക്യാമറകള്‍ ശരിയാക്കണമെങ്കില്‍ ഇനിയും പണം വേണം.
പ്രളയം കുറേയേറെ ക്യാമറകളെ തകരാറിലാക്കിയിരുന്നു. പ്രളയം ഉണ്ടായി കാലം ഇത്ര കഴിഞ്ഞിട്ടും ഇവ ശരിയാക്കാനായാട്ടില്ല. ക്യാമറ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റില്‍ വാഹനം ഇടിച്ചുകയറി ക്യാമറയും ബോക്‌സും തകര്‍ന്നിട്ടുമുണ്ട്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും പ്രശ്‌നമാണ്. ക്യാമറയുടെ ഭാഗമായി റോഡില്‍ സെന്‍സര്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ റോഡ് പൊളിയുമ്പോഴും റീ ടാറിങ് നടത്തുമ്പോഴും സെന്‍സറിന് തകരാര്‍ വരും. സെന്‍സറിങ് സംവിധാനമുള്ള കാര്യം അറിയാതെ മരാമത്ത് വകുപ്പ് ടാര്‍ ചെയ്ത് മടങ്ങും. ഇതോടെ ലക്ഷങ്ങള്‍ ചെലവാക്കി പിടിപ്പിച്ച സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതെ വരും. വീതി കൂട്ടലുമായി ബന്ധപ്പെട്ട് ക്യാമറ മാറ്റിക്കഴിഞ്ഞാല്‍ പിന്നീട് പുനഃസ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. കൂടെ നെറ്റ് വര്‍ക്കിങ്ങിന്റെ കേബിള്‍ തകരാറും ക്യാമറകള്‍ക്ക് വില്ലനായി മാറുന്നു.
Content Highlights: Automatic Speed Enforcement Camera In Highways