യാത്രചെയ്യവേ ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്നരീതിയിലുള്ള, റോഡരികിലെ പരസ്യബോര്‍ഡുകള്‍ മാറ്റാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങുന്നു. കഴിഞ്ഞ മാര്‍ച്ചിലെ ഹൈക്കോടതിയുത്തരവിനെത്തുടര്‍ന്നാണ് പരസ്യബോര്‍ഡുകള്‍ മാറ്റാനൊരുങ്ങുന്നത്. 

എല്ലാ ജില്ലകളിലെയും റോഡ് സുരക്ഷാ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ച്, ഇവ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എല്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കി. ഇതുപ്രകാരം എല്ലാ ജില്ലകളിലും ഇത്തരം ബോര്‍ഡുകളുടെ കണക്കെടുപ്പും തുടങ്ങി. ഓരോ ജോയിന്റ് ആര്‍.ടി.ഒ.യുടെയും നേതൃത്വത്തിലാണ് പരിശോധനയും കണക്കെടുപ്പും തുടങ്ങിയിട്ടുള്ളത്. 

ഇത്തരം പരസ്യബോര്‍ഡുകളും മറ്റും ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുകയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്നു കണ്ടാണ് നടപടി. പരിശോധനകള്‍ക്കുശേഷം റോഡ് സുരക്ഷാ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടാഴ്ചക്കുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

തുടര്‍ന്ന് പരസ്യബോര്‍ഡുകളും തടസ്സമാകുന്ന വസ്തുക്കളും സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്‍കും. 14 ദിവസത്തിനുള്ളില്‍ ഉടമതന്നെ ഇവ മാറ്റണം. മാറ്റാത്തപക്ഷം റോഡ് സുരക്ഷാ കൗണ്‍സില്‍ നേരിട്ട് മാറ്റുകയും ഉടമകളില്‍നിന്ന് പിഴ ഈടാക്കുകയുംചെയ്യുന്ന രീതിയിലാണ് നടപടി ആസൂത്രണംചെയ്യുന്നത്. 

2007-ലെ കേരള റോഡ് സുരക്ഷാ നിയമപ്രകാരമാകും നടപടികള്‍. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും ഇരുവശങ്ങളിലും അനധികൃതവും അല്ലാത്തതുമായ പരസ്യബോര്‍ഡുകള്‍ നിറഞ്ഞതായാണ് മോട്ടോര്‍ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജില്ലകളിലെ പ്രധാനറോഡുകളിലും പരിശോധന നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.