കാക്കനാട്: അമിത വേഗത്തില്‍ വാഹനമോടിച്ച അന്തസ്സംസ്ഥാന ആഡംബര ബസിനെതിരേയുള്ള കേസ് 206. വേഗത്തില്‍ വാഹനമോടിച്ചതു പോരാതെ, നിയമ ലംഘനത്തിന്റെ പേരില്‍ ചുമത്തിയ പിഴ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു ബസുകാര്‍. 

ഇവരെ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് കൈയോടെ പൊക്കി. ഉടന്‍ ഇതുവരെയുള്ള പിഴ 84,000 രൂപ അടപ്പിച്ച ശേഷമാണ് ബസ് വിട്ടുകൊടുത്തത്. 206 പ്രാവശ്യമാണ് അമിത വേഗത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാതയില്‍ സ്ഥാപിച്ച ക്യാമറയില്‍ ഈ ബസ് കുടുങ്ങിയത്. 

കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.എസ്. ട്രാവല്‍സ് ബസാണ് പിഴ അടയ്ക്കാതെ മുങ്ങിനടന്നത്. ഇവരുടെ വണ്ടി നമ്പര്‍ ഉപയോഗിച്ച് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇതേ രജിസ്ട്രേഷന്‍ നമ്പറില്‍ 206 ഓവര്‍സ്പീഡ് ചലാനുകളുണ്ടെന്ന് മനസ്സിലായത്. ഇത്രയും തുക അടപ്പിക്കാതെ വിടുന്നത് നിയമങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് മനസ്സിലാക്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ബസുകാരെ കൊണ്ട് പണമടപ്പിച്ചു. 

അമിത വേഗത്തില്‍ പാഞ്ഞതിന് പിഴ അടയ്ക്കാതിരുന്ന മറ്റ് നാലു ബസുകള്‍ക്കും പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ച് അനധികൃതമായി ചരക്കുകടത്തിയ 25 ബസുകള്‍ക്കും പരിശോധനയില്‍ പിടിവീണു. ഇവര്‍ക്കെതിരേയും പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് കുമാര്‍ അറിയിച്ചു. 

Content Highlights;Traffic rule violations, Motor vehicle department