വാഹനങ്ങളുടെ സുരക്ഷ കണക്കാക്കാനുള്ള യൂറോ എന്‍സിഎപി (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി പുതിയ റേഞ്ച് റോവര്‍ ഇവോക്ക് എസ്‌യുവി. ഇടിപരീക്ഷയില്‍ യാത്രക്കാരായ മുതിര്‍ന്നവര്‍ക്ക് 94 ശതമാനം സുരക്ഷാ റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും കരസ്ഥമാക്കാന്‍ ഇവോക്കിന് സാധിച്ചു. ഇതോടെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയ റേഞ്ച് റോവര്‍ മോഡലെന്ന ഖ്യാതിയും പുതിയ ഇവോക്ക് എസ്‌യുവി സ്വന്തമാക്കി. 

കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 72 ശതമാനം റേറ്റിങ്ങും സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജിക്ക് 73 ശതമാനം റേറ്റിങ്ങും ഇവോക്കിന് ലഭിച്ചു. എന്‍സിഎപിയുടെ ഫ്രണ്ട് ഓഫ്‌സെറ്റ് ഇംപാക്ട്, ഫുള്‍ ഫ്രണ്ടല്‍ ഇംപാക്ട്, റിയര്‍ വൈപ്പ്‌ലാഷ് ഇംപാക്ട്, ലാക്ടറല്‍ ഇംപാക്ട് എന്നീ കാറ്റഗറിയിലായുള്ള ടെസ്റ്റുകളിലെല്ലാം ഇവോക്ക് മികച്ച സ്‌കോര്‍ നേടി. ഇവോക്ക് എസ്.യു.വിയുടെ രണ്ടാം തലമുറ മോഡലാണിത്. 2011-ലായിരുന്നു ആദ്യതലമുറ ഇവോക്ക് പുറത്തിറങ്ങിയത്. പഴയ മോഡലിനെക്കാള്‍ സുരക്ഷ വര്‍ധിപ്പിക്കാനും രണ്ടാംതലമുറ ഇവോക്കിന് സാധിച്ചു. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷണര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗഡ്‌സ് എന്നിവയ്‌ക്കൊപ്പം കാല്‍നടയാത്രക്കാരും മറ്റും വാഹനത്തിന്റെ മുന്നിലേക്കെത്തിയാല്‍ ഓട്ടോമാറ്റിക്കായി അതിവേഗത്തില്‍ ബ്രേക്ക് ചെയ്യാനുള്ള ഓട്ടോ എമര്‍ജിന്‍സി ബ്രേക്കിങ്, ആക്ടീവ് ബോണറ്റ് ഫങ്ഷന്‍, സ്പീഡ് അസിസ്റ്റന്‍സ്, ലൈന്‍ അസിസ്റ്റ് എന്നീ സുരക്ഷാസംവിധാനങ്ങളും ഇവോക്കിലുണ്ട്.

Content Highlights; 2019 Range Rover Evoque secures 5-star Euro NCAP safety rating