കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി പുതിയ ബിഎംഡബ്ല്യു 3 സീരീസ്. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് 2019 3 സീരീസ് ലക്ഷ്വറി സെഡാന്‍ സുരക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയത്. 

3 സീരീസ് 320d അടിസ്ഥാനത്തിലുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. വാഹനത്തിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 97 ശതമാനം റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും 3 സീരീസിന് ഉറപ്പാക്കി. കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ 87 ശതമാനമാണ് റേറ്റിങ്. വാഹനത്തിന്റെ സേഫ്റ്റി അസിസ്റ്റ് സംവിധാനങ്ങള്‍ക്ക് 76 ശതമാനം റേറ്റിങ്ങും 3 സീരീസിന് ലഭിച്ചു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഡ്രൈവറുടെ കാല്‍മുട്ടിനുള്ള എയര്‍ബാഗ്, സൈഡ് ഹെഡ് എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ്, സൈഡ് പെല്‍വിസ് എയര്‍ബാഗ്, ഐസോഫിക്‌സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, സ്പീഡ് അസിസ്റ്റന്‍സ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, ആക്ടീവ് ബോണറ്റ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ 3 സീരീസ് മോഡലാണ് ക്രാഷ് ടെസ്റ്റ് കടമ്പ നിഷ്പ്രയാസം മറികടന്നത്.

ഇന്ത്യന്‍ നിരത്തില്‍ 3 സീരീസ് നിരയില്‍ 320d സ്‌പോര്‍ട്‌സ്, 320d ലക്ഷ്വറി ലൈന്‍, 330i എം സ്‌പോര്‍ട്ട് എന്നീ വകഭേദങ്ങളാണുള്ളത്. എം സ്‌പോര്‍ട്ടില്‍ 256 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 320d പതിപ്പില്‍ 190 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണുള്ളത്. രണ്ടിലും 8 സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Content Highlights; 2019 bmw 3 series gets 5 star safety rating in crash test