ഡെലിവറി ബോയിക്ക് ബൈക്ക് കൈമാറുന്നു, സൈക്കിളിലെത്തിയതിന്റെ ചിത്രം | Photo: Social Media
പൊള്ളുന്ന ചൂട്, കൃത്യമായി പറഞ്ഞാല്‍ 42 ഡിഗ്രിയാണ് അന്തരീക്ഷ ഊഷ്മാവ്. ഈ കാലാവസ്ഥയില്‍ സൈക്കിളില്‍ കൃത്യസമയത്ത് ഭക്ഷവുമായി എത്തിയ ഡെലിവറി ബോയിയുടെ ആത്മാര്‍ത്ഥയ്ക്ക് പ്രതിഫലമായി 24 മണിക്കൂറിനുള്ള അദ്ദേഹത്തെ തേടി എത്തിയത് ഹീറോയുടെ സ്പ്ലെന്‍ഡര്‍ ബൈക്കാണ്. സാമൂഹിക മാധ്യമങ്ങളിലെ നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകളുടെ പബ്ലിക്ക് ഫണ്ടിങ്ങിലൂടെയാണ് ഈ യുവാവിന്റെ യാത്ര സൈക്കിളില്‍നിന്ന് ബൈക്കിലേക്ക് മാറിയത്.
ആദിത്യ ശര്‍മയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദുര്‍ഗ മീന എന്ന ഡെലിവറി ബോയിയുടെ യാത്ര സൈക്കിളില്‍നിന്ന് ബൈക്കിലേക്ക് മാറിയത്. ഇനി ട്വിറ്റര്‍ പോസ്റ്റിലേക്ക്: "ഇന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്ത കൃത്യസമയത്ത് എത്തി. എന്നാല്‍, എന്നെ ആശ്ചര്യപ്പെടുത്തിയത് ഭക്ഷണവുമായി ഡെലിവറി ബോയി എത്തിയത് സൈക്കിളിലാണെന്നതാണ്. ഇന്ന് എന്റെ നഗരത്തിലെ ചൂട് 42 ഡിഗ്രിയാണ്. ഈ കാലാവസ്ഥയിലാണ് അദ്ദേഹം സൈക്കിളില്‍ കൃത്യസമയത്ത് ഭക്ഷണവുമായെത്തിയത്."
നിങ്ങള്‍ ഈ ചൂടില്‍ എങ്ങനെയാണ് സൈക്കിളില്‍ യാത്ര ചെയ്യുന്നതെന്നായിരുന്നു ആദിത്യ ആദ്യം ഡെലിവറി ബോയിയോട് ചോദിച്ചത്. ഞാന്‍ വര്‍ഷങ്ങളായി സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ഈ ചൂട് എനിക്ക് ഇപ്പോള്‍ ശീലമായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന് ഒരു ബൈക്ക് ആവശ്യമാണെന്ന തോന്നലില്‍ ആദിത്യ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും, ഈ ഓഫര്‍ നിരസിക്കുകയാണ് ഡെവിലറിക്ക് എത്തിയ ആ യുവാവ് ചെയ്തത്.
എന്നാല്‍, അദ്ദേഹമെത്തിയ സൈക്കിളും ഡെലിവറി ബാഗിന്റെ ചിത്രങ്ങളുമെടുത്ത് ആദിത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാകുകയും പല കോണുകളില്‍നിന്നായി സഹായം എത്തുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 75,000 രൂപയാണ് ദുര്‍ഗയ്ക്ക് ബൈക്ക് വാങ്ങിക്കുന്നതിനായി സമാഹരിച്ചത്. അതേതുടര്ന്ന് ഈ തുക ഉപയോഗിച്ച് ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്ക് വാങ്ങി ദുര്‍ഗയ്ക്ക് സമ്മാനിക്കുകയായിരുന്നു.
ബി.കോം. ബിരുദധാരിയായ ദുര്‍ഗ മീന സാമ്പത്തിക പരാധീനതകള്‍ മൂലമാണ് സോമാറ്റോയില്‍ ഡെലിവറി ജോലിക്കായി ചേര്‍ന്നത്. സ്വന്തമായി ബൈക്ക് ഇല്ലാതിരുന്നതിനാലാണ് സൈക്കിളുമായി ഈ ജോലിക്ക് പോയി തുടങ്ങിയത്. ബൈക്ക് വാങ്ങുന്നതിനുള്ള പണം എത്തിയതോടെ പബ്ലിക്ക് ഫണ്ടിങ്ങ് അവസാനിപ്പിച്ചതായി ആദിത്യ ശര്‍മ ട്വിറ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ പണമയയ്ക്കുന്നത് തുടരുകയാണ്. 'നമുക്ക് ആവശ്യത്തിനുള്ള പണം ലഭിച്ചു. സഹകരിച്ചവര്‍ക്ക് നന്ദി' എന്നാണ് ട്വിറ്ററിലെ കുറിപ്പ്.
Content Highlights: Zomato delivery boy who used cycle get bike in social media public funding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..