ന്യൂഡല്‍ഹി: ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒല, ഊബര്‍ കമ്പനികളെ പഴിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്‌സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഈ അവസ്ഥ മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പുതുതലമുറ സ്വന്തമായി വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം യാത്രകള്‍ക്കായി ഒല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളെയും മെട്രോ റെയില്‍ സംവിധാനത്തെയും ഉപയോഗിക്കുന്നതാണ് ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാകാന്‍ പ്രധാന കാരണമെന്നാണ് നിര്‍മല സീതാരാമന്റെ വിലയിരുത്തല്‍. ഇതിനുപുറമെ, രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
രാജ്യത്തെ എല്ലാ ജനങ്ങളും സാമ്പത്തിക ഉറവിടങ്ങളുമായും വ്യവസായ മേഖലകളുമായും സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കാറിനും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമെ, ലോറിയുടെയും ബസിന്റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് യുവാക്കള്‍ ഈ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിനാലാണോയെന്ന് കോണ്‍ഗ്രസ് ട്വീറ്റിലൂടെ ചോദിക്കുന്നു.
2010-ലാണ് ബെംഗളൂരു ആസ്ഥാനമായി ഒല ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതിനുപിന്നാലെ, അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറും 2013-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Content Highlights: Youngsters Prefer Ola, Uber To New Cars: Finance Minister On Auto Crisis