യു.എസില്‍നിന്ന് ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്ര സാധ്യമാണോയെന്നറിയാനുള്ള പരീക്ഷണപ്പറക്കലിന്റെ ആദ്യഘട്ടത്തിന് വെള്ളിയാഴ്ച തുടക്കമായി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസിന്റെ പുതിയ ബോയിങ് 787-9 എസ്. വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. തുടര്‍ച്ചയായി 20 മണിക്കൂറാണ് വിമാനം പറക്കുക.

ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെടുന്ന വിമാനം ലണ്ടനുമുകളിലൂടെയാണ് പറന്നുപോകുക. ഇതിനിടെ 17,000 കിലോമീറ്ററാണ് വിമാനം സഞ്ചരിക്കുകയെന്ന് എഫെ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. മൂന്നുഘട്ടങ്ങളിലായാണ് പരീക്ഷണപ്പറക്കല്‍ നടത്തുക. 'സഞ്ചരിക്കുന്ന പരീക്ഷണലാബ്' എന്നാണ് വിമാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

അമ്പതുപേരാണ് വിമാനത്തിലുണ്ടാവുക. ഇതില്‍ സന്നദ്ധപ്രവര്‍ത്തകരായ ആറുയാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടും. ഉറക്കം, ഭക്ഷണം, വെള്ളം, ശാരീരികചലനങ്ങള്‍ എന്നിവ ക്രമീകരിക്കുന്നതിന് കര്‍ശനനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പിന്തുടരണം.

സിഡ്‌നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്ററിലെയും സര്‍ക്കാര്‍സ്ഥാപനമായ കോ-ഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ അലേര്‍ട്ട്‌നെസ്, സേഫ്റ്റി, പ്രൊഡക്ട്വിറ്റിയിലെ ഗവേഷകരും പരീക്ഷണപ്പറക്കലിന് മേല്‍നോട്ടം വഹിക്കും.

നിലവില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സാണ് ലോകത്തിലെ ഏറ്റവുംദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തുന്നത്. പതിനെട്ടരമണിക്കൂറാണ് യാത്രാസമയം(സിങ്കപ്പൂര്‍-ന്യൂജെഴ്‌സി).

Content Highlights; worlds longest direct flight takes off