
-
ഡ്രൈവര്‍ യൂണിഫോമില്‍ ബസിനുള്ളില്‍ ഡാന്‍സ് കളിക്കുന്ന ടിക് ടോക് വീഡിയോ വൈറലായതോടെ വനിതാ ഡ്രൈവറുടെ ജോലി നഷ്ടപ്പെട്ടു. നവിമുംബൈയിലെ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് (എന്‍എംഎംടി) ബസിലെ ഡ്രൈവറായ യോഗിത മാണെയ്ക്കെതിരേയാണ് അധികൃതര്‍ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരിക്കുന്നത്.
എന്‍എംഎംടി വനിതകള്‍ക്കായി സര്‍വീസ് നടത്തുന്ന തേജസ്വിനി സ്പെഷ്യല്‍ ബസിലെ രണ്ട് വനിതാ ഡ്രൈവര്‍മാരില്‍ ഒരാളാണ് യോഗിത. ട്രിപ്പ് കഴിഞ്ഞ ഡിപ്പോയിലെത്തിയ ശേഷം വാഹനത്തിനുള്ളില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയാണ് ടിക് ടോക്കില്‍ വൈറലായത്. ഇതേതുടര്‍ന്ന് ജനുവരി 31-നാണ് ഇവരെ പിരിച്ചുവിട്ടത്.
ഒരു മറാത്തി നാടന്‍ പാട്ടിനനുസരിച്ചാണ് യോഗിത ചുവടുവയ്ക്കുന്നത്. 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടിക് ടോക് വീഡിയോ പ്രീതിഗവായി43 എന്ന അക്കൗണ്ടിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
യോഗിതയുടെ ജോലി സമയത്തിനിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബസിനുള്ളില്‍ യൂണിഫോമില്‍ നിന്ന് ഡാന്‍സ് കളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് തികഞ്ഞ അച്ചടക്കലംഘനമാണെന്നും ഇത് മറ്റുള്ളവര്‍ക്ക് മോശം സന്ദേശമാണ് നല്‍കുകയെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ അണ്ണാസഹേബ് മിസാല്‍ പറഞ്ഞു.
എന്നാല്‍, ഈ വിഡിയോ തന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ പകര്‍ത്തിയതാണെന്നും അവരുടെ അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചതെന്നുമാണ് യോഗിത പറയുന്നത്. ഞാന്‍ യൂണിഫോമിലാണെന്നും ഇത് ഷൂട്ട് ചെയ്യരുതെന്നും അവളെ താക്കീത് ചെയ്തിരുന്നെങ്കിലും അവര്‍ ഷൂട്ടുചെയ്യുകയായിരുന്നെന്നും യോഗിത പറഞ്ഞു.
Content Highlights: Woman Bus Driver Lost Her Job Over Tik Tok Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..