Representational Image
വാഹനം വാടകയ്ക്കു നല്‍കുന്ന ഉടമകള്‍ ശ്രദ്ധിക്കുക, ആ വാഹനം ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഉടമയെയും പ്രതി ചേര്‍ക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവിയാണ് പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശംനല്‍കിയത്. എന്ത് കുറ്റകൃത്യത്തിനാണോ വാഹനമുപയോഗിച്ചത്, അതിനെതിരായ വകുപ്പുകളാണ് ഉടമയ്‌ക്കെതിരേയും ചുമത്തുക.
മുമ്പ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തവരെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് അപകടങ്ങളില്‍പ്പെടുന്ന സംഭവങ്ങള്‍ക്ക് ബാധകമല്ല. അത്തരം സംഭവങ്ങളില്‍ ഡ്രൈവര്‍ക്കെതിരേയാണ് കുറ്റം ചുമത്തുക. അപകടമുണ്ടാക്കിയത് കൊലപാതക ഉദ്ദേശ്യമോമറ്റോ ആണെന്ന് തെളിഞ്ഞാല്‍ ആ സാഹചര്യത്തിലും ഉടമയുടെപേരില്‍ കേസെടുക്കും.
വാടകയ്ക്കുനല്‍കിയ വാഹനങ്ങളല്ലാതെ മറ്റുവാഹനങ്ങള്‍ക്കും ചില സാഹചര്യങ്ങളില്‍ ഇതേ നടപടി ബാധകമായേക്കാമെന്നാണ് പോലീസ് പറയുന്നത്. ഒരാളുടെ വാഹനം മൂന്നാമതൊരു കക്ഷി ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയാലും ഇത് ബാധകമാകും. എന്നാല്‍ അപ്പോള്‍ ഉടമയുടെ അറിവോടെയാണോ എന്നുപരിശോധിച്ച ശേഷമാകും നടപടി.
കോങ്ങാടു ഭാഗത്ത് കുഴല്‍പ്പണം കടത്തുന്നതിനായി വാടകയ്‌ക്കെടുത്ത കാറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള സാഹചര്യം വിലയിരുത്തിയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.
റെന്റ് എ കാര്‍ ഇങ്ങനെ
മോട്ടോര്‍വാഹന നിയമത്തില്‍ റെന്റ് എ കാബ് എന്നാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാറുകള്‍ വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്ക്ക് 50 വാഹനങ്ങള്‍ വേണം. അതില്‍ 50 ശതമാനം വാഹനങ്ങളും എ.സി.യായിരിക്കണം.
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളായാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍, വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം പേര്‍ക്കും ഈ നിബന്ധനകളോടുകൂടിയ രജിസ്‌ട്രേഷനില്ല. ഇത്തരം കാറുകളില്‍ അപകടങ്ങളുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ലെന്നും അധികൃതര്‍ പറയുന്നു.
Content Highlights: Waring For Rent A Car Business
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..