കൊച്ചി: വോള്‍വോയുടെ പരിഷ്‌ക്കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ പുറത്തിറക്കി. സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോയുടെ എക്‌സ്.സി 90, എസ് 90 തുടങ്ങിയ മോഡലുകള്‍ക്ക് മാത്രമാണ് ഇത്തരം ഹെഡ്‌ലൈറ്റുകള്‍ ലഭ്യമാക്കുന്നത്. പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനൊപ്പം കേരളാ ഷോറൂമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. നാളെയാണ് ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം. 

volvo

ആഢംബരവാഹന വിഭാഗത്തില്‍ ഇതാദ്യമായി പെഡസ്ട്രിയന്‍ എയര്‍ബാഗ് സുരക്ഷാസംവിധാനവും വോള്‍വോ അവതരിപ്പിച്ചിട്ടുണ്ട്. വഴിയാത്രക്കാരെ വാഹനം ഇടിക്കുകയാണെങ്കില്‍ അവരുടെ തലയ്ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനമാണിത്. വോള്‍വോയുടെ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ടോം വോണ്‍ ബോസ്‌ടോഫാണ് വാഹനത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചത്. 

പത്തു ശതമാനം വിപണിവിഹിതം നേടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍ പുറത്തിറക്കിയതും കേരളാ വോള്‍വോ ഷോറൂമും സര്‍വീസ് സ്‌റ്റേഷനും തുറന്നതെന്നും ടോം വോണ്‍ പറഞ്ഞു. 

പരിഷ്‌ക്കരിച്ച ഫീച്ചറുകളുമായി പുറത്തിറങ്ങിയ കാറുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് കരുത്തും ശേഷിയുമുള്ള സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക്ക് എഫ്.ഡബ്ല്യു.ഡി ഡീസല്‍ എന്‍ജിനാണ്. പാര്‍ട്ടിക്കിള്‍ എമിഷന്‍ 95 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുന്ന ഡി.പി.എഫ് കാറുകളില്‍ ആദ്യമായി കൊണ്ടുവരുന്നത് വോള്‍വോയാണ്. 

volvo

വി 40 ഡി ത്രീ ആര്‍ ഡിസൈന്‍ കാറുകള്‍ക്ക് 29.14 ലക്ഷം രൂപയും വി40 സിസിഡി ത്രീ ഇന്‍സ്‌ക്രിപ്ഷന്‍ കാറിന് 30 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. വി40 സിസി ടി ഫോര്‍ മൊമന്റത്തിന് 28 ലക്ഷം രൂപയാണ് വില. 150 എച്ച്.പി. ശേഷിയുള്ള 320 എന്‍.എം. ടോര്‍ക്കാണ് ഈ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ, ബ്ലൂടൂത്ത്, കീലെസ് എന്‍ട്രി, കീലെസ് ഡ്രൈവ്, പേഴ്‌സണല്‍ കാര്‍ കമ്മ്യൂണിക്കേറ്റര്‍ എന്നിവ വോള്‍വോയുടെ പ്രത്യേകതകളാണ്. വി40 കാറുകള്‍ക്ക് എന്‍.സി.എ.പിയുടെ സുരക്ഷാ പരിശോധനയില്‍ അഞ്ച് സ്റ്റാറുകള്‍ ലഭിച്ചിരുന്നു. ഡ്രൈവറുടെ മുട്ടിന് പരുക്കേല്‍ക്കാതിരിക്കാനുള്ള നീ ബാഗ് ഉള്‍പ്പെടെ രണ്ട് സ്റ്റേജ് എയര്‍ബാഗുകളുണ്ട്.

കാറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക