ലോകത്തിലെ തന്നെ മുന്‍നിര ഹെവി വാഹന നിര്‍മാതാക്കളായ വോള്‍വോ കഴിഞ്ഞ ദിവസം നാല് പുതിയ ട്രെക്കുകള്‍ അവതരിപ്പിച്ചു. ഈ അവതരണത്തെക്കാള്‍ വാര്‍ത്തയായത് അവതരിപ്പിച്ച രീതിയാണ്. ഹോളിവുഡ് സിനിമയെ പോലും വെല്ലുന്ന രീതിയില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെച്ചായിരുന്നു ഈ നാല് ട്രെക്കുകളും ലോഞ്ചുചെയ്തത്.

വോള്‍വോ എഫ്.എച്ച്, വോള്‍വോ എഫ്.എച്ച്16, വോള്‍വോ എഫ്.എം, വോള്‍വോ എഫ്.എം.എക്സ് എന്നീ നാല് മോഡലുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇതില്‍ ഏറ്റവും വലിയ മോഡലായ എഫ്.എം.എക്സ് ഏറ്റവും താഴയും എഫ്.എം അതിന് മുകളിലും മറ്റ് രണ്ടെന്നും ഏറ്റവും മുകളിലും നിരത്തി താഴെയുള്ള വാഹനം ഓടിച്ചായിരുന്നു അവതരണം.

നാല് ട്രെക്കുകളും ചേര്‍ന്ന് 15 മീറ്റര്‍ ഉയരവും 58 ടണ്‍ ഭാരവുമുള്ള ഒരു ടവര്‍ പോലെയാണ് നിന്നിരുന്നത്. ഇതിന്റെ ഏറ്റവും മുകളില്‍ കയറിയാണ് വോള്‍വോ ട്രെക്ക് പ്രസിഡന്റായ റോജര്‍ ആം സംസാരിച്ചത്. വോള്‍വോ ട്രെക്കുകളുടെ എന്‍ജിനിയറായ മാര്‍ക്കസ് വിക്സ്റ്റോമിന്റെ ആശയമാണ് ട്രെക്കുകള്‍ കൊണ്ടുള്ള ടവര്‍ എന്നത്. ഇത് വാഹനത്തിന്റെ കരുത്ത് തെളിയിക്കുമെന്നാണ് അവരുടെ വാദം.

എന്നാല്‍, ഇത് ആദ്യമായല്ല വോള്‍വോ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ടവര്‍ ഉണ്ടാക്കുന്നതെന്നാണ് ഓട്ടോകാര്‍ പ്രൊഫഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1971-ലാണ് വോള്‍വോ ഇത് ആദ്യമായി പരീക്ഷിക്കുന്നത്. ആറ് വോള്‍വോ 144 സെഡാനായിരുന്നു ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ് വോള്‍വോ 760 മോഡലുകള്‍ ഉപയോഗിച്ചും വാഹന ടവര്‍ ഒരുക്കിയിരുന്നു.

Content Highlights: Volvo Truck Launch By Making Four Truck Tower