സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസ് പുറത്തിറക്കി. സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് ഡ്രൈവര്‍ലെസ് ഇലക്ട്രിക് ബസ് നിര്‍മിച്ചിരിക്കുന്നത്. 

വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടത്താനുള്ള ഒരുക്കത്തിലാണ് വോള്‍വോ. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വോള്‍വോയുടെ ഈ ഉദ്യമം. 

ആദ്യഘട്ടത്തില്‍ നന്‍യാംഗ് യൂണിവേഴ്‌സിറ്റിയിലെ ക്യാപസില്‍ തന്നെ ഡ്രൈവര്‍ലെസ് ബസിന്റെ പരീക്ഷണയോട്ടം നടത്താനാണ് വോള്‍വോയുടെ പദ്ധതി. ഇതിലെ പോരായ്മകള്‍ പരിഹരിച്ച ശേഷമായിരിക്കും വാഹനം പൊതുനിരത്തില്‍ എത്തിക്കുകയെന്ന് കമ്പനി അറിയിച്ചു.

വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. 2016-ല്‍ തന്നെ സിംഗപ്പൂരില്‍  ഡ്രൈവര്‍ലെസ് ടാക്‌സികള്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12 മീറ്റര്‍ നീളമുള്ള ബസാണ് വോള്‍വോ നിര്‍മിച്ചിരിക്കുന്നത്. ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Volvo Driverless Electric Bus Unveiled in Singapore