മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സ്വീഡിഷ് കാര്‍ കമ്പനിയായ വോള്‍വോ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും. വോള്‍വോയുടെ പ്രീമിയം എസ്.യു.വി.യായ എക്സ് സി 90 ആയിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. ബെംഗളൂരുവിലെ പ്ലാന്റില്‍ നിന്ന് ഈ വര്‍ഷം തന്നെ എക്സ് സി 90 പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. 

വോള്‍വോ ഗ്രൂപ്പില്‍പ്പെട്ട ഇതര കമ്പനികള്‍ക്ക് ബെംഗളൂരുവില്‍ നിലവിലുള്ള പശ്ചാത്തല സൗകര്യവും ലൈസന്‍സും ഉപയോഗപ്പെടുത്തിയായിരിക്കും കാറുകള്‍ നിര്‍മിക്കുക. ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ അഞ്ച് ശതമാനത്തോളം വിഹിതമാണ് വോള്‍വോയ്ക്ക് ഇപ്പോഴുള്ളത്. 

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വില്പനയില്‍ 32 ശതമാനം വര്‍ധന കൈവരിക്കുകയുണ്ടായി. 2017-ല്‍ 2,000 കാറുകള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണ്. 2020 ആവുമ്പോഴേക്ക് ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ 10 ശതമാനം വിഹിതമാണ് വോള്‍വോ ലക്ഷ്യമിട്ടിരിക്കുന്നത്.