വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ വൈകുന്നതിനനുസരിച്ച് പിഴത്തുക വര്‍ധിപ്പിച്ചതു മൂലം വെട്ടിലായത് വിന്റേജ് വാഹനപ്രേമികള്‍. പൗരാണിക വാഹനങ്ങളോടുള്ള ഇഷ്ടവും വൈകാരിക അടുപ്പവും മൂലം ഇവ സ്വന്തമാക്കിയ ഉടമകള്‍ വാഹനത്തിന്റെ ഇരട്ടിത്തുക റീ രജിസ്‌ട്രേഷനു വേണ്ടി ചെലവാക്കേണ്ട ഗതികേടിലാണ്. 

രജിസ്‌ട്രേഷന്‍ മുടങ്ങിയ ഓരോ മാസവും 500 രൂപ വരെ പിഴ കണക്കാക്കുന്നതു മൂലമാണ് വലിയ തുക ചെലവാക്കേണ്ടി വരുന്നത്. മുന്‍പ്, വര്‍ഷങ്ങളോളം റീ രജിസ്‌ട്രേഷന്‍ മുടങ്ങിക്കിടന്ന വാഹനങ്ങള്‍ ഒറ്റത്തവണ 2000 മുതല്‍ 3000 രൂപ വരെ പിഴയടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെ അവസരമുണ്ടായിരുന്നു. 

എന്നാല്‍ രജിസ്‌ട്രേഷനും മറ്റും 'വാഹന്‍' സോഫ്റ്റ്‌വേറിലേക്കു മാറിയ ശേഷം, മാസങ്ങള്‍ അടിസ്ഥാനമാക്കി മാത്രമേ പിഴ കണക്കാക്കാന്‍ സാധിക്കൂ. 2016 ഡിസംബര്‍ 28നാണ് പുതിയ രീതി സംബന്ധിച്ച നിയമം വന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 300 രൂപയും നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയുമാണ് മാസംതോറുമുള്ള പിഴ.

ഫിറ്റ്‌നസ് എന്നാണോ അവസാനമായി പുതുക്കിയത് അന്നുമുതലുള്ള പിഴ ഓരോ മാസവും കണക്കു കൂട്ടിയാണ് 'വാഹന്‍' സൈറ്റ് രസീത് നല്‍കുന്നത്. നിയമം നടപ്പിലാകുന്നതിനു മുന്‍പേ രജിസ്‌ട്രേഷന്‍ മുടങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കും പുതിയ രീതിയില്‍ തന്നെയാണ് പിഴ ഈടാക്കുന്നത്.

Content Highlights; Vintage Car Re-Registration Expense Increased