വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെ 25 അംഗ സംഘമാണ് വ്യാഴാഴ്ച വീണ്ടും റെയ്ഡ് നടത്തിയത്. കൈക്കൂലി വാങ്ങിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. പ്രസാദിനെ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ചയും റെയ്ഡ് നടത്തിയത്.

രാവിലെ 11-ന് തുടങ്ങിയ റെയ്ഡ് വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. അപേക്ഷകര്‍ക്ക് നല്‍കേണ്ട ആയിരക്കണക്കിന് രേഖകളാണ് കെട്ടിക്കിടക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ജനുവരിയില്‍ അച്ചടിച്ച് വിതരണം ചെയ്യാനായി തയ്യാറാക്കിയ ലൈസന്‍സുകളും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുംവരെ ഇതില്‍ ഉള്‍പ്പെടും. മേലധികാരികള്‍പോലുമറിയാതെ ചില ഉദ്യോഗസ്ഥര്‍ അനധികൃത കൈകടത്തലുകള്‍ നടത്തി ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണെന്നും വിജിലന്‍സ് സംഘം കണ്ടെത്തി.

വാഹന ഡീലര്‍മാര്‍ വഴിയെത്തുന്ന പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്താതെ ഏജന്റുമാര്‍ മുഖാന്തരമെത്തുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ചെയ്യുന്നത്. ഒറ്റദിവസംകൊണ്ട് ആര്‍.സി. നല്‍കി അപേക്ഷകരെ സഹായിക്കാന്‍ നടപ്പാക്കിയ സംവിധാനമുണ്ടായിട്ടും ഇവരെ മാസങ്ങളായി വട്ടംകറക്കുകയാണ്. രജിസ്‌ട്രേഷനും ഫിറ്റ്‌നസിനും മറ്റുമുള്ള ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാതെയും അവ അതത് സെക്ഷനുകളില്‍ എത്തിക്കാതെയും എ.എം.വി.ഐ. ഒപ്പിട്ട് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തി.

സര്‍ക്കാര്‍ ഓഫീസിന്റെതായ ഒരു ചിട്ടയും പാലിക്കാതെയാണ് എല്ലാ സെക്ഷനുകളുടെയും പ്രവര്‍ത്തനം. മുന്നിലൂടെയും പിന്നിലൂടെയും ഓഫീസിനുള്ളില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് വാതിലുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഫീസ് വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തതും അഴിമതിക്ക് അവസരമൊരുക്കാനാണെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. അപേക്ഷകള്‍ വാങ്ങിയതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനുമുള്ള രജിസ്റ്റര്‍ പരിശോധനയില്‍ ലഭിച്ചിട്ടില്ല. 

ആഴ്ചപ്പടിയായും മാസപ്പടിയായും പതിനായിരങ്ങള്‍വീതം നല്‍കിയതിന്റെ തെളിവുകള്‍ ചില ഡ്രൈവിങ് സ്‌കൂളുകളുടെ രജിസ്റ്ററില്‍നിന്ന് ലഭിച്ചു. തപാല്‍ വഴി അയക്കേണ്ട രേഖകള്‍ ഡെസ്പാച്ച് രജിസ്റ്ററില്‍ ഒപ്പിട്ട് ഏജന്റുമാര്‍ കൈവശപ്പെടുത്തുകയും ഇതുപയോഗിച്ച് വിലപേശല്‍ നടത്തുകയുമാണ്. ഏജന്റുമാര്‍ക്ക് രേഖകള്‍ കൈപ്പറ്റാനുള്ള ഓതറൈസേഷന്‍ കത്തുകള്‍ ഓഫീസ് ഫയലില്‍ സൂക്ഷിച്ചിട്ടില്ല. കഴിഞ്ഞദിവസത്തെ അറസ്റ്റിനെത്തുര്‍ന്ന് നിരവധി പരാതികളാണ് വിജിലന്‍സ് ഓഫീസില്‍ ലഭിച്ചത്.

ഓഫീസ് രേഖകള്‍ ഡ്രൈവിങ് സ്‌കൂളില്‍

കഴിഞ്ഞദിവസം പിലാത്തറ ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ സബ് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. ഓഫീസിലെ ജീവനക്കാരുടെ ഡ്യൂട്ടി രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ജീവനക്കാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ കയറാനാവശ്യമായ യൂസര്‍നെയിമും പാസ്വേഡും തുടങ്ങിയവ ഇതിലുള്‍പ്പെടും. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പി.വി. പ്രസാദില്‍നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് സ്‌കൂളില്‍ പരിശോധന നടത്തിയത്.

ഫിറ്റ്നസ് രേഖകള്‍ പ്രിന്റെടുത്ത് വിലപേശും

വാഹനങ്ങളുടെ ഫിറ്റ്നസ് രേഖകള്‍ ഒറ്റത്തവണ മാത്രമേ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് പ്രിന്റെടുക്കാനാവൂ. ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നേരത്തെ ഇതിന്റെ പ്രിന്റെടുത്ത് വിലപേശുകയാണ് ചെയ്യുന്നതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ഇത് കാണിച്ചാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. ഓഫീസില്‍ പ്രിന്റെടുത്ത് സൂക്ഷിച്ചിട്ടുള്ള നിരവധി രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.

Content Highlights: Vigilance Raid In Payyanur RT Office, MVD Kerala, AMVI Suspended