ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകരില്‍ ഗതാഗതസിഗ്‌നലുകള്‍ തിരിച്ചറിയാത്തവരുമുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
ഓപ്പറേഷന്‍ സേഫ് ഡ്രൈവ് എന്നപേരില്‍ നടത്തിയ പരിശോധനയില്‍, അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അംഗീകൃത പരിശീലകര്‍ ഇല്ലാതെയും ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. 

സിഗ്‌നലുകള്‍, എന്‍ജിന്‍, ഗിയര്‍ബോക്സ് മാതൃകകള്‍ എന്നിവ മിക്ക സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റിനും പരിശീലനത്തിനും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മതിയായ രേഖകളില്ലായിരുന്നു. അംഗീകൃത പരിശീലകര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ചില ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ ഒരു ഡ്രൈവിങ് സ്‌കൂളിന്റെ വാഹനം മാത്രമാണ് ഉപയോഗിച്ചിരുന്നത്. 

ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് ഈ വാഹനം ഉപയോഗിക്കാന്‍ പ്രത്യേകം ഫീസ് വാങ്ങിയിരുന്നു. ചില വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നില്ല. മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിങ് സ്‌കൂളുകളില്‍ നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തി. 

പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ സ്‌കൂളുകളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലായിരുന്നു. കൊല്ലം ജില്ലയിലെ ചില ഡ്രൈവിങ് സ്‌കൂളുകളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു. പത്തനംതിട്ട പുളിക്കീഴില്‍ വിജിലന്‍സ് സംഘം എത്തുമ്പോള്‍ പരിശീലകന്‍ മദ്യപിച്ചിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഗതാഗതസിഗ്‌നലുകള്‍ തിരിച്ചറിയാത്ത പരിശീലകനെ വിജിലന്‍സ് പിടികൂടി.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജു, വിജിലന്‍സ് തെക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് ജയശങ്കര്‍, മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍, വടക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് സജീവന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

Content Highlights: Vigilance Raid In Driving Schools, Driving School Raid