തൃശ്ശൂര്‍: വാഹനങ്ങള്‍ രൂപമാറ്റം വരുത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതിന് ജോയിന്റ് ആര്‍.ടി.ഒ.യുടെയും രണ്ട് ഇടനിലക്കാരുടെയും പേരില്‍ വിജിലന്‍സ് കേസ്. തൃശ്ശൂര്‍ ജോയിന്റ് ആര്‍.ടി.ഒ. ആയിരുന്ന മാവേലിക്കര തട്ടാരമ്പലത്ത് വേണാടുവീട്ടില്‍ ബി. ശ്രീപ്രകാശ്, ഇടനിലക്കാരായ വിയ്യൂര്‍ സ്വദേശി ചൂലിക്കാട്ടില്‍ സി.എം. സുദിന്‍, കല്ലൂര്‍ സ്വദേശി സി.എല്‍. ടെന്നി എന്നിവരുടെ പേരിലാണ് തൃശ്ശൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കല്‍ദായ സുറിയാനി സഭാ ബോര്‍ഡ് ഓഫ് സെന്‍ട്രല്‍ ട്രസ്റ്റീസ് ചെയര്‍മാനാണ് സി.എല്‍. ടെന്നിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകുന്നതടക്കം 57 വാഹനങ്ങള്‍ രൂപമാറ്റം വരുത്താന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയതായി കണ്ടെത്തിയത്. ഇതുവഴി നികുതിയിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്.

ഒരു വാഹനം രൂപമാറ്റം വരുത്താന്‍ 25,000 രൂപ വീതം 15 ലക്ഷത്തോളം രൂപ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് കൈക്കൂലിയായി ലഭിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മൂന്നു വര്‍ഷംമുന്‍പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. അതു മറികടന്നാണ് വ്യത്യസ്ത കമ്പനികളുടെ പേരില്‍ അനധികൃതമായി രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓടിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും മാനദണ്ഡങ്ങള്‍ മറികടന്ന് വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന മറ്റു ചില സംഘങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.മാരായിരുന്ന മാത്യു രാജ്, ഷാജു ജോസ്, സി.ഐ. ജീം പോള്‍ തുടങ്ങിയവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്. ഇപ്പോള്‍ ഡിവൈ.എസ്.പി. സുരേഷ്‌കുമാറിനാണ് അന്വേഷണച്ചുമതല.

Content Highlights: Vigilance case against joint RTO and RT Office agents for bribery, MVD Kerala