കോട്ടയം: അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ 2007-ല്‍ നടപ്പാക്കിയ വേഗപ്പൂട്ട് സംബന്ധിച്ച പരിശോധന നിലച്ചു. പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് കാരണം. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍, വേഗപ്പൂട്ടില്ലെന്ന കാരണത്തില്‍ കേസ് എടുക്കുന്നുമുണ്ട്.

ഋഷിരാജ്‌സിങ് ഗതാഗത കമ്മിഷണറായിരുന്ന സമയത്താണ് വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയത്. പിന്നീടത് നിലച്ചു. പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ അതിവേഗത്തിന് കുടുങ്ങി, പിഴയിനത്തില്‍ ലക്ഷങ്ങളുടെ വരുമാനമാണ് സര്‍ക്കാരിന് കിട്ടുന്നത്. അതിനാല്‍ വേഗപ്പൂട്ടിലും അതിന്റെ പരിശോധനയിലും സര്‍ക്കാരിന് താത്പര്യമില്ല. വലിയ അപടങ്ങളുണ്ടാകുമ്പോള്‍ ഒരാഴ്ച കര്‍ശനപരിശോധന നടത്തുമെന്നുമാത്രം.

പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍

• മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെ വാഹനം ഓടിച്ച് വിലയിരുത്തണമെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതലുള്ള വേഗം ഇല്ലാതാക്കാനാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വാഹനം 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കണം. അതിന് നല്ല റോഡ് വേണം. നിലവില്‍ കേരളത്തിലെ അവസ്ഥയില്‍ നാലുവരിപ്പാതയിലെങ്കിലുമെത്തണം. ഇതിന് മിക്ക ഉദ്യോഗസ്ഥരും തയ്യാറാകില്ല.

• വേഗപ്പൂട്ട് നിര്‍മിക്കുന്ന കമ്പനികള്‍തന്നെ അത് പരിശോധിക്കാനുള്ള ഉപകരണം ഓരോ ആര്‍.ടി.ഓഫീസിലും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉപകരണം മിക്ക ഓഫീസിലുമില്ല. അതിനാല്‍ പരിശോധന നടക്കുന്നില്ല.

വാടകയ്ക്ക് ലഭ്യമാക്കുന്ന സംഘങ്ങള്‍ സജീവം

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും ഫിറ്റ്നസ് പുതുക്കുമ്പോഴും മാത്രമാണ് വേഗപ്പൂട്ട് പരിശോധിക്കുന്നത്. പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്നുമാത്രമാണ് പരിശോധന. ക്ഷമത പരിശോധിക്കാറില്ല. ആവശ്യക്കാര്‍ക്ക് ഫിറ്റ്നസ് സമയത്ത് വേഗപ്പൂട്ട് വെച്ചുകൊടുക്കും. പരിശോധന കഴിഞ്ഞാല്‍ അഴിച്ചെടുക്കും. 3000രൂപ മുതല്‍ 5000 രൂപവരെയാണ് വാടക. വേഗപ്പൂട്ട് നിര്‍മാതാക്കളും വാഹന ഉടമകള്‍ക്ക് അനുകൂലമായ നിര്‍മാണവുമായി രംഗത്തുണ്ട്. ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന വേഗപ്പൂട്ടാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പരിശോധന സമയത്ത് ഡ്രൈവര്‍ക്കുതന്നെ ഇത് ബന്ധിപ്പിക്കാം.

കെ.എസ്.ആര്‍.ടി.സി.യില്‍ പ്രവര്‍ത്തിക്കില്ല

വേഗപ്പൂട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് സ്‌കൂള്‍ വാഹനങ്ങളില്‍ മാത്രമാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വേഗപ്പൂട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കാറില്ല. പൂട്ടില്ലാത്ത സ്വകാര്യ ബസിനൊപ്പം ഓടിയെത്തേണ്ടതിനാല്‍ അധികൃതരും കണ്ണടയ്ക്കുന്നു.

Content Highlights; vehicles speed governor inspection stopped