കൊച്ചി: പുതുച്ചേരിയിലും മറ്റും രജിസ്റ്റര്‍ചെയ്ത ആഡംബര വാഹനങ്ങള്‍ വര്‍ഷത്തില്‍ 30 ദിവസമെങ്കിലും തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിച്ചാല്‍ ആകെ നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്ന് ഹൈക്കോടതി. ഒറ്റത്തവണയായി ആജീവനാന്തനികുതി ഈടാക്കുന്നത് നിയമപരമല്ലെന്നും ജസ്റ്റിസ് എസ്.വി. ഭട്ടി വ്യക്തമാക്കി.

വാഹനം ഒരുവര്‍ഷം മുപ്പതുദിവസത്തിലധികം തുടര്‍ച്ചയായി കേരളത്തില്‍ ഉപയോഗിച്ചാല്‍ ആജീവനാന്തനികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് കേരള മോട്ടോര്‍വാഹനനിയമത്തിലെ 3(6) വ്യവസ്ഥചെയ്യുന്നത്. 15 കൊല്ലത്തെ നികുതിയാണ് വാഹനത്തിന്റെ ആജീവനാന്തനികുതിയെന്ന് വിലയിരുത്തിയാണ് ഈ വ്യവസ്ഥ.

അത് ഹൈക്കോടതി ശരിവെച്ചു. ഈ വ്യവസ്ഥ 1988-ലെ കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിന് എതിരായി കാണാനാവില്ല. ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നതിന്റെപേരില്‍ ഇവിടത്തെ നിരക്കില്‍ ഒറ്റത്തവണ നികുതി ഈടാക്കുന്നതു ചോദ്യംചെയ്യുന്ന എണ്‍പതിലധികം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണിത്.

ആഡംബരവാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആജീവനാന്തനികുതി ഒന്നിച്ച് അടയ്ക്കണമെന്നും ഹര്‍ജിക്കാര്‍ക്കു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഹര്‍ജിക്കാരായ വാഹന ഉടമകള്‍ നാലാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് വിശദീകരണം നല്‍കണം. കേരളത്തില്‍ തുടര്‍ച്ചയായി 30 ദിവസം ഉപയോഗിച്ചിട്ടില്ലെങ്കില്‍ അക്കാര്യം ബോധിപ്പിക്കാം.

പുതുച്ചേരിയിലുള്‍പ്പെടെ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരളത്തിലെ അധികാരികള്‍ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി ഓര്‍മപ്പെടുത്തി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് അധികൃതര്‍ കേസുള്‍പ്പെടെയുള്ള നടപടിയാരംഭിച്ചെന്ന ചില ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണിത്. വാഹനം രജിസ്റ്റര്‍ ചെയ്തുനല്‍കിയവര്‍ക്കേ അത് റദ്ദാക്കാനാവൂ. ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല.

വ്യാജരേഖ ഹാജരാക്കലുള്‍പ്പെടെ തട്ടിപ്പിലൂടെയാണ് വാഹനം കേരളത്തിനുപുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില്‍ അക്കാര്യം രേഖകള്‍ സഹിതം അതത് രജിസ്‌ട്രേഷന്‍ അധികാരികളെ അറിയിക്കാം. തിരിച്ചറിയല്‍രേഖയിലെ മേല്‍വിലാസംമാത്രം നോക്കി വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

30 ദിവസംമുതല്‍ 12 മാസംവരെയുള്ള ഉപയോഗത്തിന് വര്‍ഷം 1500 രൂപ അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അടുത്തിടെ നിയമഭേദഗതിയിലൂടെ ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചില്‍ ഒരുഭാഗമാക്കി. ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തില്‍ ആജീവനാന്തനികുതി. 

Content Highlights; Vehicles registered outside kerala, high court upholds amendment to levy tax