പകടത്തിലേക്ക് 'വെളിച്ചം വീശുന്ന' വാഹനങ്ങള്‍ക്കെതിരേ നടപടി കടുപ്പിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. പോലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ജില്ലയില്‍ രാത്രിയിലെ വാഹനാപകടങ്ങള്‍ അടുത്തകാലത്തായി ഏറിയ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ജില്ലാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. 

പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അതോടൊപ്പം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. നേരത്തേ, പിടികൂടിയവരില്‍നിന്ന് ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴയീടാക്കുകയാണ് ചെയ്തിരുന്നത്. ലൈറ്റ് ഡിം ചെയ്യാത്തതും ഹെഡ് ലൈറ്റ് ഇല്ലാത്തതും അവ തകരാറിലായതുമായ കേസുകള്‍ ഇതേ പേരിലാണ് പിഴയീടാക്കുന്നത്. ഇതിനു പുറമേയാണ് രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി.

ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറുവാഹനങ്ങള്‍ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹനയാത്രക്കാരുടെയും പരാതി. ഇരുചക്രവാഹനങ്ങളടക്കം ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍നിന്ന് വാഹനത്തിന്റെ പ്രകാശം നേരേ കണ്ണിലേക്കടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെവരികയും ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്നു. 

Automatic headlight on

ഏതു വാഹനമായാലും, രാത്രി എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചട്ടം. തീവ്രപ്രകാശത്തിനാലുണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. കാല്‍നടയാത്രക്കാര്‍ പോലും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. പ്രകാശതീവ്രതയേറിയ എല്‍.ഇ.ഡി.(ലൈറ്റ് എമിറ്റിങ് ഡയോഡ്), എച്ച്.ഐ.ഡി. (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ബള്‍ബുകളാണ് യുവാക്കള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 

രാത്രികാലങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് റോഡപകടങ്ങള്‍ക്ക് കാരണമാകും. ബൈക്കുകളും കാറുകളുമാണ് ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. സാധാരണ വാഹനങ്ങളിലെ ലൈറ്റിനെക്കാള്‍ പത്തുമടങ്ങ് പ്രകാശമുള്ള ഹൈ ഇന്റന്‍സിറ്റി, സിനോണ്‍, പ്രോജക്ട് തുടങ്ങിയ ലൈറ്റുകളും ഇപ്പോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

ഹെഡ് ലൈറ്റിനും നിയമമുണ്ട്

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 വാട്‌സിലും ലോ ബീം 55 വാട്‌സിലും കൂടാന്‍ പാടില്ല. വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി. ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഇത് നിരത്തുകളിലെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. 

head light

150 മീറ്റര്‍ ദൂരത്തില്‍ എതിരെ വാഹനം വരുന്നത് കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യണം. ആ വാഹനം കടന്നുപോയാല്‍ മാത്രമേ തീവ്രതയുള്ള ഹെഡ്ലൈറ്റ് ഉപയോഗിക്കാവൂ. റിയര്‍വ്യൂ ഗ്ലാസിലൂടെ ഹെഡ്ലൈറ്റിന്റെ പ്രതിഫലനം മുന്നിലുള്ള വാഹനം ഓടിക്കുന്നയാളുടെ കാഴ്ച മറയ്ക്കാതെ ശ്രദ്ധിക്കുകയും വേണം.

കാഞ്ഞിരങ്ങാട്ട് ലൈറ്റ് മീറ്റര്‍

തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളില്ലാത്തത് പരിശോധനയ്ക്കിറങ്ങുന്ന ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. മോട്ടോര്‍വാഹന വകുപ്പിലെ സ്‌ക്വാഡുകള്‍ക്ക് ലൈറ്റ് മീറ്റര്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. 

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ലൈറ്റ് മീറ്റര്‍ ഉടന്‍ ലഭിക്കും. ഇവിടെനിന്ന് വാഹനങ്ങളിലെ ലൈറ്റ് കൂടി പരിശോധിച്ച് മാത്രമേ ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: Vehicles Must Put Low Beam In Night Drives