തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്തിയേക്കും. 20 ശതമാനംവരെ വര്‍ധനയാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഉദ്ദേശിക്കുന്നത്. 30 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പദ്ധതി കമ്പനികള്‍ക്ക് നഷ്ടമാണെന്ന് രേഖകള്‍ സഹിതം കമ്പനികള്‍ ബോധ്യപ്പെടുത്തിയിരുന്നു. 100 രൂപയുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ 120 മുതല്‍ 130 രൂപ വരെ പരിരക്ഷയായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതിനാലാണ് പോളിസി തുക കൂട്ടാന്‍ ആലോചിക്കുന്നത്.

രാജ്യത്ത് ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വര്‍ഷംതോറുമാണ് ഇതിനുള്ള പ്രീമിയം നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും പ്രീമിയം വര്‍ധിക്കാറുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്നത് പരിഷ്‌കരിച്ചിരുന്നു. 

പുതിയ മോട്ടോര്‍ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കും ഒരുമിച്ച് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്നായിരുന്നു വിധി. ഇത് നടപ്പാക്കിയ പിറ്റേന്ന് മുതല്‍ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധന വരുത്തിയിരുന്നു. ഇനി ഈ സാമ്പത്തിക വര്‍ഷാരംഭം മുതലാണ് പുതിയ നിരക്ക് നടപ്പിലാക്കേണ്ടത്.

Content Highlights: Vehicle Third Party Insurance: Premium Will Be Raised Again