പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കും. രജിസ്ട്രേഷന് മുമ്പേയുള്ള വാഹനപരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫാന്‍സി നമ്പര്‍ ബുക്കു ചെയ്യുന്ന വാഹനങ്ങള്‍, കോച്ച് നിര്‍മിക്കേണ്ടവ, മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ടവ എന്നിവയ്ക്ക് മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍.

മറ്റു വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്നുതന്നെ സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കും. ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഇതിനായി നല്‍കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ 'വാഹന്‍' വെബ്സൈറ്റില്‍ നല്‍കിയാലെ വാഹനം പുറത്തിറക്കാന്‍ അനുമതി നല്‍കൂ.

നിലവില്‍ എല്ലാ വാഹനങ്ങള്‍ക്കും 30 ദിവസത്തേക്ക് താത്കാലിക രജിസ്ട്രേഷന്‍ നല്‍കുന്നുണ്ട്. ഇതിനുള്ളില്‍ പരിശോധനയ്ക്ക് ഹാജരാക്കി സ്ഥിരം രജിസ്ട്രേഷന്‍ നേടണം. ഈ വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാത്തത് വാഹനരജിസ്ട്രേഷന്‍ സോഫ്റ്റ്വേറില്‍ മാറ്റം വരാത്തതുകൊണ്ടാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു. 

ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ഒഴിവാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ആധാര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സജ്ജീകരണം ഇനിയും കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കും വിധമാണ് സോഫ്റ്റ്വേര്‍ ഇപ്പോഴുമുള്ളത്.

കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 'വാഹന്‍' സോഫ്റ്റ്വേറില്‍ ആധാര്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് നടപ്പായാല്‍ മാത്രമേ പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാന്‍ കഴിയൂ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് അധികൃതര്‍ അറിയിച്ചു.

Content Highlights: Vehicle Temporary Registration System Cancelled